നെടുങ്കണ്ടം: ഹൈദരാബാദില്‍ ബലാത്സംഗ കേസില്‍ കുറ്റാരോപിതരായ നാലുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി എംഎം മണി. നെടുങ്കണ്ടത്ത് ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എംഎം മണി. തെറ്റു ചെയ്തവരെയെല്ലാം വെടിവച്ച് കൊന്നാല്‍ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വെടിവയ്പ്പ് ശീലമായാല്‍ ആരെയും കൊല്ലുന്ന അവസ്ഥയില്‍ എത്തുമെന്നും മന്ത്രി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇങ്ങനെ പോയാല്‍ എന്നെയും കൊല്ലും നിങ്ങളെയും കൊല്ലും പ്രധാനമന്ത്രിയെ വരെ കൊല്ലും- മന്ത്രി പറഞ്ഞു. എന്നാല്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നതില്‍ ഇതേ അഭിപ്രായമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ മന്ത്രി പ്രതികരിച്ചില്ല. ടയര്‍ വിവാദത്തില്‍ തന്‍റെ ഭാഗം ഒഴിവാക്കിയാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് എന്ന് എംഎം മണി പറഞ്ഞു.

യാത്ര ചെയ്യുന്നുവെന്നല്ലാതെ വണ്ടിയുമായി യാതൊരു ബന്ധവും തനിക്കില്ല. പിന്നെ വണ്ടിയുടെ ടയര്‍ വെച്ചേക്കുന്നത് പൂജിക്കാനല്ലല്ലോ. അപ്പോള്‍ ടയര്‍ തേയും, അത് മാറ്റും. ഞാനതിന് അഞ്ച് പൈസ പോലും കൈപ്പറ്റാറില്ല. വേറെ ആരെങ്കിലും കൈപ്പറ്റുന്നോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.