തിരുവനന്തപുരം: തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മന്ത്രി എംഎം മണിക്ക് ശസ്ത്രക്രിയ നടത്തി. ഇന്ന് രാവിലെയാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു.

വെള്ളിയാഴ്ച ഇഎൻടി വിഭാഗത്തിൽ ചെക്കപ്പിനായെത്തിയ മന്ത്രിയ്ക്ക് നടത്തിയ പരിശോധനയിലാണ് തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടെത്തിയത്. 2019 ജൂലൈ മാസത്തിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു.

ഇത്തവണ വീണ്ടും തലച്ചോറിന്റെ മറുവശത്ത് രക്തസ്രാവം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എംഎസ് ഷർമ്മദ് അറിയിച്ചു.