അറ്റകുറ്റപണികൾക്ക് നൽകുന്ന ഫണ്ടിനെ കുറിച്ച് പലയിടങ്ങളിൽ നിന്നും പരാതി വരുന്നു. ഇത് വിജിലൻസ് വിഭാഗം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വിജിലൻസ് വിഭാഗം (Vigilance) കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് (PWD) മന്ത്രി മുഹമ്മദ് റിയാസ് (Mohammed Riyas) . ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. കൂടുതൽ വാഹനങ്ങൾ അനുവദിക്കും. അറ്റകുറ്റപണികൾക്ക് നൽകുന്ന ഫണ്ടിനെ കുറിച്ച് പലയിടങ്ങളിൽ നിന്നും പരാതി വരുന്നു. ഇത് വിജിലൻസ് വിഭാഗം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കേടുപാടുകളില്ലാത്ത റോഡിൽ പ്രവൃത്തി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കും. പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിൽ ഉള്ള റോഡുകളിൽ തന്നെയാണോ പ്രവൃത്തി നടക്കുന്നത് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. എസ്റ്റിമേറ്റ് പ്രകാരം തന്നെയാണോ കാര്യങ്ങൾ നടക്കുന്നതെന്ന് പരിശോധിക്കും. ഓട്ടോമേറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറി സംസ്ഥാനത്തെ മൂന്ന് റീജിയണുകളിലായി തുടങ്ങും. ഇതോടെ റോഡിൽ വച്ച് തന്നെ സാമ്പിളെടുത്ത് ഗുണമേന്മ പരിശോധിക്കാനാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ചാലിയം ബീച്ച് ടൂറിസം വികസനത്തിനായി പത്തു കോടിയുടെ പദ്ധതി
ചാലിയം ബീച്ച് ടൂറിസം വികസനത്തിനായി പത്തു കോടിയുടെ പദ്ധതിയുമായി ടൂറിസം വകുപ്പ്. രണ്ട് വർഷം കൊണ്ട് കേരളത്തിലെ ഏറ്റവും മനോഹരമായ ബീച്ചാക്കി ചാലിയത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
രണ്ട് വർഷത്തിനകം ചാലിയത്തിന്‍റെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. രണ്ട് ഘട്ടങ്ങളിലായാണ് ബീച്ച് ടൂറിസം വികസനം നടപ്പാക്കുക. അഞ്ഞൂറ് മീറ്ററിലധികം വരുന്ന പുലിമുട്ട് ഉൾപ്പെടുന്ന പ്രദേശത്തിന് ഇരുവശത്തും അലങ്കാര വിളക്കുകളും കൽബെഞ്ചുകളും സ്ഥാപിക്കും. കേരളത്തിലെ ബീച്ചുകളില്‍ വാട്ടര്‍ സ്പോര്‍ട്സിനും സാഹസിക ടൂറിസത്തിനും ഏറെ അനുയോജ്യമായ പ്രദേശമാണ് ചാലിയം. തദ്ദേശീയവാസികളുടെയും മത്സ്യതൊഴിലാളികളുടെയും ജീവിതസാഹചര്യം മാറ്റുന്ന തരത്തിലുള്ള ഉത്തരവാദിത്ത ടൂറിസമാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. കലാ സാംസ്കാരിക സംവാദങ്ങൾക്കും ഒത്തുചേരലുകൾക്കും വേദിയായി കൾച്ചറൽ കോർണറും ഇവിടെ സ്ഥാപിക്കും. മുഴുവൻ പദ്ധതിയും ഭിന്നശേഷി സൗഹൃദമായാകും നടപ്പിലാക്കുക.
