പൈലറ്റ് വാഹനം റിവേഴ്സ് എടുക്കാന്‍ താമസിച്ചപ്പോള്‍ സ്റ്റാഫിനെ മന്ത്രി ശകാരിക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വയോധികനെ ആശുപത്രിയിലെത്തിക്കാൻ തക്കസമയത്ത് ഇടപെട്ട് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. വൈകുന്നേരം ആക്കുളം പാലത്തിന് സമീപമുണ്ടായ അപകടത്തില്‍പ്പെട്ടയാള്‍ക്കാണ് മന്ത്രി രക്ഷകനായത്. ബൈക്ക് യാത്രികനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. റോഡില്‍ ചോരയൊലിച്ച നിലയില്‍ വയോധികന്‍ ഇരിക്കുമ്പോഴാണ് മന്ത്രി ഇവിടെയെത്തിയത്. അപകടത്തില്‍പ്പെട്ടയാളെ പൈലറ്റ് വാഹനത്തില്‍ മന്ത്രി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനുള്ള തിടുക്കത്തില്‍ പൈലറ്റ് വാഹനത്തിലുള്ളവരെ മന്ത്രി ശാസിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും. പരിക്കേറ്റയാളെ കിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. നേരത്തെ വാഹനാപകടത്തില്‍ പരിക്കേറ്റ അമ്മയേയും കുഞ്ഞിനേയും മന്ത്രി വീണാ ജോര്‍ജ്ജ് ഔദ്യോഗിക വാഹനത്തില്‍തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.പേയാട് സ്വദേശികളായ അനുവും കുടുംബവും തിരുവനന്തപുരം വിജെടി ഹാളിന് സമീപത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഓണാഘോഷത്തോടനുബന്ധിച്ച് കടുത്ത ഗതാഗത കുരുക്ക് നേരിട്ടിരുന്ന സമയത്തായിരുന്നു മന്ത്രിയുടെ രക്ഷാപ്രവര്‍ത്തനം.


രണ്ട് ദിവസം മുന്‍പ് തിരുവനന്തപുരം പനവിള ജംഗ്ഷനില്‍ അപകടത്തില്‍ പരിക്ക് പറ്റി റോഡില്‍ 20 മിനിറ്റോളം കിടന്ന കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജര്‍ മരിച്ചിരുന്നു. ഉള്ളൂര്‍ ഭാസി നഗര്‍ സ്വദേശിനി കുമാരി ഗീതയാണ് മരിച്ചത്. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ കെ എസ് എഫ് ഇ ബ്രാഞ്ച് മാനേജരായ കുമാരി ഗീത ദീപാവലി അവധിക്ക് വീട്ടിലെത്തിയ ശേഷം തിരികെ ചിറ്റാരിക്കലിലേക്ക് മടങ്ങാന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം. 

കഴിഞ്ഞ ദിവസം ചെന്നൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തിയിരുന്നു. ചെന്നൈ തേനാംപേട്ട ടിഎംഎസ് മെട്രോ സ്റ്റേഷന് സമീപമുണ്ടായ അപകടത്തിലാണ് മുഖ്യമന്ത്രി രക്ഷകനായത്. അപകടം സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി വാഹനത്തിൽ നിന്നിറങ്ങി റോഡിൽ തെറിച്ചുവീണയാളെ ആശുപത്രിയിലാക്കാൻ നേതൃത്വം നൽകി. ചൂളൈമേട് സ്വദേശിയായ അരുൾരാജ് എന്ന ഇരുചക്ര വാഹനയാത്രക്കാരനാണ് റോഡിൽ തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റത്. ആദ്യം കണ്ട ഓട്ടോറിക്ഷയിൽ ഇദ്ദേഹത്തെ കയറ്റി സുരക്ഷാ ജീവനക്കാരിൽ ഒരാളെയും ഒപ്പം അയച്ചതിന് ശേഷമാണ് തമിഴ്നാട് മുഖ്യമന്ത്രി യാത്ര തുടർന്നത്.