മന്ത്രി ഓരോ ക്യാബിനിലും എത്തുമ്പോഴും സീറ്റുകള്‍ കാലിയായ നിലയിലായിരുന്നു. ഇതോടെ മന്ത്രി പഞ്ചിംഗ് വിവരങ്ങള്‍ ചോദിച്ചു. ഇത് ലഭിക്കാനും വൈകിയതോടെ മന്ത്രി ക്ഷുഭിനായി.

തിരുവനന്തപുരം: പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും മിന്നല്‍ പരിശോധന നടത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്തിന്‍റെ ചീഫ് ആര്‍കിടെക് വിഭാഗത്തിലാണ് ഇന്ന് മന്ത്രി എത്തിയത്. രാവിലെ പതിനൊന്നോടെയാണ് മന്ത്രി ഓഫീസില്‍ എത്തിയത്. ഈ സമയം ജീവനക്കാരിൽ പകുതി പോലും ഓഫീസില്‍ എത്തിയിരുന്നില്ല.

മന്ത്രി ഓരോ ക്യാബിനിലും എത്തുമ്പോഴും സീറ്റുകള്‍ കാലിയായ നിലയിലായിരുന്നു. ഇതോടെ മന്ത്രി പഞ്ചിംഗ് വിവരങ്ങള്‍ ചോദിച്ചു. ഇത് ലഭിക്കാനും വൈകിയതോടെ മന്ത്രി ക്ഷുഭിനായി. ഓഫീസിനെ കുറിച്ച് നിരവധി പരാതികള്‍ എത്തിയതോടെയാണ് മന്ത്രി തന്നെ നേരിട്ട് പരിശോധനയ്ക്ക് എത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ കുറിച്ച് ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇതാദ്യമായല്ല മുഹമ്മദ് റിയാസ് സര്‍ക്കാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം പൂജപ്പുര പിഡബ്ല്യുഡി അസി. എന്‍ജിനിയര്‍ ഓഫീസൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ മിന്നൽ പരിശോധന നടത്തിയപ്പോള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരു അസി. എന്‍ജിനീയറും മൂന്ന് ഓവർസിയർമാരുമുള്ള ഓഫിസില്‍ മന്ത്രിയെത്തിയപ്പോള്‍ കണ്ടത് രണ്ട് ഓവര്‍സിയര്‍മാരെ മാത്രമായിരുന്നു. മറ്റുള്ളവര്‍ എവിടെയെന്ന ചോദ്യത്തിന് ബാക്കി രണ്ട് പേരും അവധിയിലെന്ന് വിശദീകരണം ഉദ്യോഗസ്ഥര്‍ നല്‍കി. എന്നാല്‍, മന്ത്രി പരിശോധിച്ചപ്പോള്‍ അവധിയുടെ രേഖകൾ ഇല്ലെന്ന് വ്യക്തമായിരുന്നു.

ഇത് കൂടാതെ, പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിലും ഓഫിസുകളിലും റിയാസ് മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. റസ്റ്റ് ഹൗസില്‍നിന്ന് മദ്യക്കുപ്പി പിടിച്ചെടുത്തതുള്‍പ്പെടെയുള്ളത് വലിയ ചര്‍ച്ചയുമായി. മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെതിരെ സര്‍വീസ് സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പക്ഷേ, എതിർപ്പ് കാര്യമാക്കാതെ മിന്നൽ പരിശോധനകൾ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. മിന്നൽ പരിശോധനകൾ സർക്കാരിന് നേട്ടം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.