''മുഖ്യമന്ത്രി പ്രതികരിച്ചു, പാർട്ടി സെക്രട്ടറി പ്രതികരിച്ചു. അതിലപ്പുറം എന്ത് പറയാനാ..'', എന്നായിരുന്നു ചിരിച്ചുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. ''ഇതിപ്പോൾ ആദ്യമായിട്ടല്ലല്ലോ..'', എന്നും റിയാസ്. 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് മന്ത്രിയും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ ജീവിതപങ്കാളിയുമായ മുഹമ്മദ് റിയാസ്. പ്രതികരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രതികരിച്ചതാണ്. അത് തന്നെയാണ് പാർട്ടി നിലപാട്. അതിൽക്കൂടുതൽ തനിക്കൊന്നും പറയാനില്ല - മുഹമ്മദ് റിയാസ്.

''മുഖ്യമന്ത്രി പ്രതികരിച്ചു, പാർട്ടി സെക്രട്ടറി പ്രതികരിച്ചു. അതിലപ്പുറം എന്ത് പറയാനാ..'', എന്നായിരുന്നു ചിരിച്ചുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. ''ഇതിപ്പോൾ ആദ്യമായിട്ടല്ലല്ലോ..'', എന്നും റിയാസ്. പ്രതിഷേധങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അതൊക്കെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണല്ലോ എന്ന് ആവർത്തിച്ചു മന്ത്രി. 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ലെന്ന് കേസ് പ്രതി സ്വപ്ന സുരേഷ് പാലക്കാട്ട് വാർത്താസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ആരാണ് മുഖ്യമന്ത്രി എന്നത് തന്‍റെ വിഷയമല്ല. താൻ വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല. താൻ കേസുമായി ബുദ്ധിമുട്ടി ജീവിക്കുമ്പോൾ മിസിസ് കമല വിജയനും മിസിസ് വീണ വിജയനും സ്വൈര്യമായി, സ്വസ്ഥമായി ജീവിക്കുകയാണ് - സ്വപ്ന സുരേഷ് പറയുന്നു. 

Read More: 'മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനിടെ കറൻസി കടത്തി', സ്വപ്നയുടെ ഗുരുതര വെളിപ്പെടുത്തൽ

''ഈ കേസുമായി ബന്ധപ്പെട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തികളുമായി ബന്ധപ്പെട്ട സ്ത്രീകളോ, മറ്റ് വ്യക്തികളുടെ ഭാര്യയോ അമ്മയോ സുഖമായി ജീവിക്കുന്നു. മിസിസ് കമല വിജയനും മിസിസ് വീണ വിജയനും സ്വസ്ഥമായി വളരെ ആഢംബരത്തോടെ ജീവിക്കുന്നു. ഞാനിപ്പോഴും കേസുമായി ബുദ്ധിമുട്ടി ജീവിക്കുന്നു'', എന്ന് സ്വപ്ന സുരേഷ്. 

പി സി ജോർജ് സ്വപ്നയെ പല തവണ വിളിച്ചുവെന്ന തരത്തിൽ ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് സ്വപ്ന സുരേഷ് പൂർണമായി തള്ളിക്കളയുന്നു. തനിക്ക് സരിതയെ അറിയില്ല. പി സി ജോർജ് തന്നെ വിളിക്കാൻ ശ്രമിച്ചു എന്നത് സത്യമാണ്. എന്നാൽ താൻ പ്രതികരിച്ചിട്ടില്ല. താൻ കോടതിയിൽ രഹസ്യമൊഴി നൽകിയതാണ്. അതിൽക്കൂടുതൽ പറയാൻ തനിക്ക് കഴിയില്ല. താൻ പാവയായിരുന്നു. പലരും പല ആവശ്യങ്ങൾക്കായി എന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ഞാനൊരു ജോലി ചെയ്ത് ജീവിക്കുകയാണ്. എന്‍റെ കഞ്ഞിയിൽ പാറ്റയിടരുത് - സ്വപ്ന സുരേഷ് പറയുന്നു. 

സ്വപ്ന സുരേഷ് അങ്ങോട്ട് സ്വയം ആവശ്യപ്പെട്ടാണ് ഇന്നലെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസ്സിനും അടക്കം എതിരെ ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി നൽകിയത്.