കേരളത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ അതിവേഗ റെയിൽ പാതയെക്കുറിച്ചോ, അതിന്റെ ചുമതല ഇ. ശ്രീധരനെ ഏൽപ്പിച്ചതിനെക്കുറിച്ചോ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്.
തിരുവനന്തപുരം: കേരളത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ അതിവേഗ റെയിൽ പാതയെക്കുറിച്ചോ, അതിന്റെ ചുമതല മെട്രോമാൻ ഇ. ശ്രീധരനെ ഏൽപ്പിച്ചതിനെക്കുറിച്ചോ സംസ്ഥാന സർക്കാരിന് ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. ശ്രീധരനെ സ്‌പെഷ്യൽ ഓഫീസറായി കേന്ദ്രം നിയമിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം ഔദ്യോഗികമായി അറിയിക്കട്ടെ എന്നും, അതിനുശേഷം ചർച്ച ചെയ്യാമെന്നുമാണ് സർക്കാർ നിലപാട്.
സംസ്ഥാനത്ത് അതിവേഗ റെയിൽ പാത വേണമെന്ന കാര്യത്തിൽ സർക്കാരിന് അനുകൂല നിലപാടാണുള്ളത്. എന്നാൽ കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇ. ശ്രീധരനെ പദ്ധതിക്കായി ചുമതലപ്പെടുത്തിയതിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. കേന്ദ്രത്തിൽ നിന്നും രേഖാമൂലം അറിയിപ്പ് ലഭിച്ചാൽ മാത്രമേ ചർച്ചകൾക്ക് പ്രസക്തിയുള്ളൂ.
മറ്റന്നാൾ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, അതിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്താമല്ലോ. സാങ്കേതികമായ കാര്യങ്ങൾ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം വിശദമായി ചർച്ച ചെയ്യാമെന്നാണ് സർക്കാർ കരുതുന്നതെന്നും പി രാജീവ് വ്യക്തമാക്കി. അതിവേഗ റെയിൽ പാതയ്ക്കായി ആര്‍ആര്‍ടിഎസ് മോഡൽ കൊണ്ടുവരുന്നതിനെ കേന്ദ്ര നഗര വികസന മന്ത്രി പരസ്യമായി പിന്തുണച്ചിട്ടുള്ളതാണ്. സിൽവർ ലൈൻ പദ്ധതിക്ക് പകരമായി ഇത്തരം മാതൃകകൾ കേന്ദ്രം പരിഗണിക്കുന്നുണ്ടെന്ന സൂചനകൾക്കിടയിലാണ് സർക്കാരിന്റെ ഈ പ്രതികരണം.


