Asianet News MalayalamAsianet News Malayalam

'ആയിരം എംഎസ്എംഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റും': മന്ത്രി പി രാജീവ്

'കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,39,815 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതിലൂടെ 8,417 കോടിയുടെ നിക്ഷേപം ഉറപ്പാക്കുകയും 2,99,943 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.'

minister p rajeev says about MSME enterprises
Author
First Published Apr 1, 2023, 4:47 PM IST

എറണാകുളം: മിഷന്‍ 1000 പദ്ധതിയിലൂടെ മികച്ച 1000 എംഎസ്എംഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പി.രാജീവ്. എല്ലാവരും കൂടി ഒത്തുപിടിച്ചാല്‍ അതിവേഗത്തില്‍ സംസ്ഥാനത്തെ വ്യവസായിക രംഗത്തെ മാറ്റാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,39,815 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതിലൂടെ 8,417 കോടിയുടെ നിക്ഷേപം ഉറപ്പാക്കുകയും 2,99,943 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 35 ശതമാനം വനിതാ സംരംഭകരാണ് പുതുതായി രംഗത്തെത്തിയത്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മമാരുള്ള സംസ്ഥാനമാണ് കേരളം. സര്‍ക്കാരിന്റെ പുതിയ വ്യവസായ നയത്തിലൂടെ സംരംഭകത്വ രംഗത്തേക്ക് വനിതകളെ എത്തിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 

സംരംഭങ്ങളുടെ നടത്തിപ്പ് സുഗമമാക്കുന്നതിനായി നിരവധി പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മന്ത്രി രാജീവ് പറഞ്ഞു. സംസ്ഥാനത്തെ വ്യവസായം വളരാന്‍ ഏറ്റവും സഹകരിക്കേണ്ടത് പഞ്ചായത്തുകളും ബാങ്കുകളുമാണ്. ഇതിന്റെ ഭാഗമായി സംരംഭം ആരംഭിക്കുന്നതിനുള്ള മൂലധനം, ലൈസന്‍സ് തുടങ്ങിയ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിച്ചു. ബോധവല്‍ക്കരണ പരിപാടികളും ലോണ്‍ മേളകളും സംഘടിപ്പിച്ചു. ഇതിനായി 1,153 ഇന്റേണുകളെ സംസ്ഥാനത്തിന്റെ വിവിധ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളിലായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios