Asianet News MalayalamAsianet News Malayalam

കെ. സുരേന്ദ്രനും സംഘവും മുഖം മറച്ച് വികസനത്തിന് അള്ള് വയ്ക്കുന്നു: തുറന്നടിച്ച് മുഹമ്മദ് റിയാസ്

വെയിൽ ആയാലും മഴയായാലും ജനങ്ങൾക്കുവേണ്ടി എന്ത് കഠിനാധ്വാനവും ചെയ്യാൻ തങ്ങൾ തയ്യാറാണ്. കേരളത്തിൽ മുമ്പ് ഇല്ലാത്ത വികസനം സാധ്യമാകുന്നതിലുള്ള ബേജാറാണ് സുരേന്ദ്രന് എന്നും മന്ത്രി  പറഞ്ഞു. 

minister pa mohammad riyas against bjp state president k surendran and bjp vkv
Author
First Published Mar 28, 2023, 10:16 PM IST

തിരുവനന്തപുരം: തലയിൽ മാത്രമല്ല മുഖത്തും തൊപ്പി വെച്ച്, തലയിൽ മുണ്ടിട്ട് കേരളത്തിന്റെ വികസനത്തിന് അള്ളു വയ്ക്കുന്നത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും സംഘവും ആണെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്  സുരേന്ദ്രന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കെ. സുരേന്ദ്രൻ അടക്കമുള്ളവര്‍ക്ക് വേണ്ടിയാണ് സംസ്ഥാന സർക്കാർ ദേശീയപാത ഉൾപ്പെടെയുള്ള വികസനത്തിന് നേതൃത്വം കൊടുക്കുന്നത്. വെയിൽ ആയാലും മഴയായാലും ജനങ്ങൾക്കുവേണ്ടി എന്ത് കഠിനാധ്വാനവും ചെയ്യാൻ തങ്ങൾ തയ്യാറാണ്. കേരളത്തിൽ മുമ്പ് ഇല്ലാത്ത വികസനം സാധ്യമാകുന്നതിലുള്ള ബേജാറാണ് സുരേന്ദ്രന് എന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

കേരളത്തിലെ ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാരിനെ നിരന്തരം അധിക്ഷേപിക്കുന്ന നിലപാടാണ്  സുരേന്ദ്രൻ സ്വീകരിക്കുന്നത്. എല്ലാ വകുപ്പുകളും ആയി യോജിച്ചു നിന്ന് ദേശീയപാത വികസനം പൂർത്തീകരിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിയേണ്ട സന്ദർഭമാണിത്. 2014 ൽയുഡിഎഫ് സർക്കാറിന്റെ കാലത്ത് ദേശീയപാത 66ന്റെ വികസനം ഉപേക്ഷിക്കുന്ന സ്ഥിതിയിൽ എത്തിയതാണ്. പദ്ധതി മുന്നോട്ടു പോവില്ലെന്ന് കാണിച്ച് ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാറിന് കത്തെഴുതിയിരുന്നു. 2016ല്‍ ഇടതുപക്ഷ സർക്കാർ അധികാരമേറ്റതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കൽ ആയിരുന്നു ഏറ്റവും വലിയ പ്രശ്നം. സ്ഥലം ഏറ്റെടുക്കൽ സംസ്ഥാന സർക്കാർ നിർവഹിക്കാം എന്നും പദ്ധതിക്ക് 25 ശതമാനം തുക നൽകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് ഉറപ്പ് നൽകി. 

എന്നാൽ ഇക്കാര്യത്തിൽ ബിജെപിയുടെ സമീപനം എന്തായിരുന്നുവെന്ന് മുഹമ്മദ് റിയാസ് ചോദിച്ചു. കേരളത്തിൽ സ്ഥലം ഏറ്റെടുക്കാൻ അനുവദിക്കരുതെന്ന് കാണിച്ച് 2018 സെപ്റ്റംബർ നാലിന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കേന്ദ്രമന്ത്രിക്ക് കത്തെഴുതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി ദേശീയപാത വികസനവും ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിക്കലും ആണ് എന്നു പറഞ്ഞ് 2016 മെയ് 31ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.  മുസ്ലിം സംഘടനകളുടെ എതിർപ്പ് അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഒരിക്കലും അത് സാധ്യമാകില്ലെന്നും സുരേന്ദ്രൻ പോസ്റ്റിൽ പറഞ്ഞു.  ഇതു രണ്ടും പൂർത്തിയാക്കിയാൽ മുഖ്യമന്ത്രിയെ നിശ്ചയദാർഢ്യം ഉള്ള നേതാവായി കാണുമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. 

ദേശീയപാത വികസനത്തിന് സംസ്ഥാന ഗവൺമെന്റ് കാലണ നൽകിയിട്ടില്ല എന്നാണ് സുരേന്ദ്രന്റെ ആക്ഷേപം. ദേശീയപാത അതോറിറ്റിക്ക് സംസ്ഥാന സർക്കാർ 5519 കോടി രൂപ നൽകിയതായി മാർച്ച് 23ന് ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മന്ത്രി ഗഡ്കരി പാര്‍ലമെന്റില്‍ നല്‍കിയ ഉത്തരമാണ് അതിനുള്ള മറുപടി.  കേരളം മാത്രമാണ് ഇത്രയും തുക കൊടുത്ത സംസ്ഥാനം. എല്ലാ പദ്ധതികൾക്കും 25 ശതമാനം തുക കൊടുക്കാം എന്ന് സംസ്ഥാനസർക്കാർ പറഞ്ഞിരുന്നു എന്ന സുരേന്ദ്രന്റെ വാദം അടിസ്ഥാനരഹിതമാണ്. ദേശീയപാത 66ന്റെ വികസനത്തിന് മാത്രമാണ് ഇത് ഉറപ്പ് നൽകിയത്. 

500ഓളം കിലോമീറ്റർ ദേശീയപാത ഇപ്പോഴും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്. ഇതിൽ ദേശീയപാത 766ൽ അടിമാലി - കുമളി, മലാപ്പറമ്പ് - പുതുപ്പാടി റോഡ് വികസനത്തിന് സംസ്ഥാന സർക്കാർ പദ്ധതി സമർപ്പിക്കുകയും അത് കേന്ദ്രം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം സുരേന്ദ്രന് അറിയുമോ എന്നറിയില്ല. കേന്ദ്രത്തിന്റെ സഹായം ഔദാര്യമാണ് എന്ന നിലയിലാണ് സുരേന്ദ്രൻ സംസാരിക്കുന്നത്. ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ ദേശീയപാത അതോറിറ്റി തന്നെ അഭിനന്ദിച്ചിട്ടുണ്ട്. മന്ത്രി നിതിൻ ഗഡ്കരിയും സംസ്ഥാന സർക്കാരിന്റെ പങ്കിനെ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. എന്ത് ആക്ഷേപം പറഞ്ഞാലും, എന്ത് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചാലും ദേശീയപാത അതോറിറ്റിയുമായി ചേർന്ന് ദേശീയ പാത 66ന്റെ വികസനം 2025ഓടെ പൂർത്തിയാക്കാനുള്ള എല്ലാ ശ്രമവും സംസ്ഥാന സർക്കാർ നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Read More :  ഇടത് വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; കെ സുരേന്ദ്രനെതിരെ കേസെടുത്ത് പൊലീസ്

Follow Us:
Download App:
  • android
  • ios