ഹുസൈൻ മടവൂരിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി ആർ.ബിന്ദു. സൂംബ ഡാൻസ് വസ്ത്രം ധരിക്കാതെ ചെയ്യുന്ന വ്യായാമം അല്ലെന്ന് മന്ത്രി.

തൃശൂർ: ഹുസൈൻ മടവൂരിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി ആർ.ബിന്ദു. സൂംബ ഡാൻസ് വസ്ത്രം ധരിക്കാതെ ചെയ്യുന്ന വ്യായാമം അല്ല. കുട്ടികൾ യൂണിഫോം ധരിച്ചാണ് സ്കൂളിൽ പോകുന്നത്. കാലത്തിന് നിരക്കാത്ത കാഴ്ചപ്പാട് ആണിത്. ശാസ്ത്രീയമായ കാര്യങ്ങളിൽ നെഗറ്റീവ് കാണുന്നത് കഷ്ടമാണ് സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി പ്രതികരിച്ചു. എതിർപ്പ് ഉന്നയിക്കുന്ന ആളുകളുടെ സ്ഥാപനങ്ങളിൽ അവർക്ക് ഇഷ്ടം പോലെ ചെയ്യാം. സൂംബ കൂട്ടികൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും ഗുണമുള്ള കാര്യമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സൂംബ വിവാദത്തിൽ തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷും പ്രതികരണവുമായെത്തി. വിദഗ്ധർ മുന്നോട്ട് വെച്ച നിർദേശത്തിൽ ഒന്നാണ് സൂംബ. ഇതിനെതിരായ പരാമർശങ്ങൾ നിർഭാഗ്യകരമാണെന്നും 21 നൂറ്റാണ്ടിൽ ആണ് നമ്മൾ ജീവിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. ഈ കാലത്ത് ഇങ്ങനെ വികല ചിന്ത ഉണ്ടാകുന്നത് ഉചിതം ആണോ എന്ന് പറയുന്നവർ ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സിനെതിരെ ചില കോണിൽ എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകും. ഡ്രസ്സ് കോഡ് പാലിച്ചാണ് കായിക വിനോദ്ദങ്ങൾ നടത്തുന്നത്. ആരും കുട്ടികളോട് അൽപ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രവർത്തനങ്ങൾ ലഹരി വിരുദ്ധ പ്രവർത്തനത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.