Asianet News MalayalamAsianet News Malayalam

'നന്ദികേട്, അപമാനകരം'; ഗോഡ്സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി അധ്യാപികയ്ക്കെതിരെ മന്ത്രി ആർ ബിന്ദു

വിദ്യാർത്ഥികളിലേക്ക് ശരിയായ ചരിത്രബോധം നൽകേണ്ടവരാണ് അധ്യാപകർ. അവർ ഇങ്ങിനെ പ്രവർത്തിച്ചത് തെറ്റായ സന്ദേശം നൽകുമെന്നും ആർ ബിന്ദു പറഞ്ഞു.

Minister R Bindu against Kozhikode NIT Professor Shaija Andavan on praise of Godse vkv
Author
First Published Feb 4, 2024, 11:30 AM IST

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം വിനായക് ഗോഡ്സയെ പ്രകീര്‍ത്തിച്ച  കോഴിക്കോട് എന്‍ഐടി പ്രഫസർക്കെതിരെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗം പ്രഫസര്‍ ഷൈജ ആണ്ടവന്‍റെ ഫേസ്ബുക്ക് കമന്‍റ് അപമാനകരമാണെന്നും  ഗോഡ്സെയെ മഹത്വവത്കരിച്ച അധ്യാപികയുടെ അഭിപ്രായം നന്ദികേടാണെന്നും മന്ത്രി പ്രതികരിച്ചു.

വിദ്യാർത്ഥികളിലേക്ക് ശരിയായ ചരിത്രബോധം നൽകേണ്ടവരാണ് അധ്യാപകർ. അവർ ഇങ്ങിനെ പ്രവർത്തിച്ചത് തെറ്റായ സന്ദേശം നൽകുമെന്നും ആർ ബിന്ദു പറഞ്ഞു. മലയാളി വിദ്യാർത്ഥികൾ വിദേശത്ത് ജോലി തേടി പോകുന്നുവെന്ന വാർത്തയോടും മന്ത്രി പ്രതികരിച്ചു. വിദ്യാർത്ഥികൾ വിദേശത്ത് നല്ല അവസരം തേടി പോകുന്നത് തെറ്റല്ല. അവർ നല്ല സർവ്വകലാശാലകളിൽ പോകണം. അത് പരിശോധിക്കാനാണ് ബില്ല്. കേന്ദ്ര സർക്കാർ സ്ഥാപനമായതിനാൽ നിയമപരമായി സംസ്ഥാനത്തിന്  തടയാനാവില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഗോഡ്സയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കിൽ കമന്‍റിട്ട രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നായ കോഴിക്കോട് എന്‍ഐടിയിലെ അധ്യാപിക ഷൈജ ആണ്ടവനെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തിരുന്നു. എസ്എഫ്ഐയുടെ പരാതിയിലാണ് കേസെടുത്തത്. കലാപാഹ്വാനത്തിനാണ് കേസ്.  ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു അധ്യാപികയുടെ വിവാദ പരാമർശം. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ഗോഡ്സെയെ പ്രകീര്‍ത്തിച്ച് അഡ്വ കൃഷ്ണരാജെന്ന പ്രൊഫൈല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത അഭിപ്രായത്തിനു താഴെയായിരുന്നു പരാമർശം. എന്നാൽ തന്റെ കമന്റ് ഗൗരവത്തോടെയല്ലെന്നാണ് ഷൈജ ആണ്ടവന്റെ വിശദീകരണം.

Read More :  പണയം വെച്ചും വായ്പയെടുത്തും അമൃതം പൊടിയുണ്ടാക്കി, പഞ്ചായത്ത് ചതിച്ചു; അടച്ചുപൂട്ടാനൊരുങ്ങി കുടുംബശ്രീ സംരംഭം

Latest Videos
Follow Us:
Download App:
  • android
  • ios