പ്രതിപക്ഷ നേതൃപദവി പോയതിലുള്ള ഇച്ഛാഭംഗമാണോ രമേശ് ചെന്നിത്തല ഇങ്ങനെയൊരു നിലപാടെടുക്കാൻ കാരണമെന്ന് മന്ത്രിയുടെ ചോദ്യം. 

തിരുവനന്തപുരം: ലോകായുക്ത വിധിക്ക് പിന്നാലെ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും വിമർശിച്ച് മന്ത്രി ആർ ബിന്ദു (R Bindu) . കാര്യങ്ങൾ അവധാനതയോടെ മനസിലാക്കാൻ ശ്രമിക്കണമെന്നാണ് മന്ത്രിയുടെ ഉപദേശം. ജോലി നിർവഹിക്കാൻ തന്നെ അനുവദിക്കണമെന്നും, ഗവർണറെ കുറിച്ച് പറഞ്ഞ് വിവാദത്തിലാകാനില്ലെന്നും ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന രീതി ശരിയല്ല. 2 മാസമായി പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് ആരോപണ പരമ്പരകൾ തീർത്തു, മന്ത്രി ആരോപിക്കുന്നു. ചെന്നിത്തലയ്ക്ക് വലിയ രാഷ്ട്രീയ പാരമ്പര്യമുണ്ടെന്ന് പറഞ്ഞ മന്ത്രി പ്രതിപക്ഷ നേതൃപദവി പോയതിലുള്ള ഇച്ഛാഭംഗമാണോ രമേശ് ചെന്നിത്തല ഇങ്ങനെയൊരു നിലപാടെടുക്കാൻ കാരണമെന്ന് വാർത്താ സമ്മേളനത്തിൽ സംശയം പ്രകടിപ്പിച്ചു. 

ചെന്നിത്തല അടുത്ത കാലത്ത് വല്ലാത്ത അസഹിഷ്ണുത കാണിക്കുന്നുവെന്നാണ് കുറ്റപ്പെടുത്തൽ. പ്രതിപക്ഷ നേതാവിൽ നിന്ന് പിന്തുണ ലഭിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു. വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള രമേശ് ചെന്നിത്തല അസഹിഷ്ണുത കാണിക്കുന്നത് എന്തിനെന്നറിയില്ലെന്ന് പറഞ്ഞ മന്ത്രി ഗവർണറെ കുറിച്ച് പറഞ്ഞ് വിവാദത്തിലാകാനില്ലെന്നും കൂട്ടിച്ചേർത്തു.

Read More : സർക്കാരിന് ആശ്വാസം; മന്ത്രി ആർ ബിന്ദു അധികാര ദുർവിനിയോ​ഗം നടത്തിയില്ലെന്ന് ലോകായുക്ത, ഗവർണർക്ക് വിമർശനം

കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി ബിന്ദു അധികാര ദുർവിനിയോഗം കാണിച്ചില്ലെന്നാണ് ലോകായുക്ത വിധി. മന്ത്രി സർവകലാശാലക്ക് അന്യ അല്ല. മന്ത്രി നൽകിയത് നിർദേശം മാത്രം. അത് ​ഗവർണർക്ക് തള്ളുകയോ കൊള്ളുകയോ ആകാം. വി സിയുടെ പ്രായ പരിധി കണ്ണൂർ സർവകലാശാല ചട്ടത്തിൽ പറയുന്നില്ല. കണ്ണൂർ വി സി നിയമനത്തെ കുറിച്ചുള്ള പരാതി പരിഗണിക്കുന്നില്ല .അത് സംബന്ധിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണനയിൽ ആണെന്നാണ് ലോകായുക്ത വ്യക്തമാക്കിയത്. ലോകയുക്ത പരിഗണിച്ചത് മന്ത്രിക്കെതിരായ പരാതി മാത്രമെന്നും വ്യക്തമാക്കിയിട്ടുണ്ട്.