കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. പാര്‍ട്ടി നിലപാട് രണ്ടാഴ്ച മുമ്പ് പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണി വ്യക്തമാക്കിയതാണെന്നും മുന്നണി മാറ്റമില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. മുന്നണി മാറ്റമില്ലെന്നും ഇടതുമുന്നണിയുടെയും സര്‍ക്കാരിന്‍റെയും ഭാഗമാണ് പാര്‍ട്ടിയെന്നും അതുപോലെ തന്നെ തുടരുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിൽ രോഷാകുലനായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെക്കുറിച്ച് അറിയില്ലെന്നും കേരള കോണ്‍ഗ്രസിനെക്കുറിച്ച് എക്കാലത്തും ഇത്തരം വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് സഭ നേതൃത്വമൊന്നും ഇടപെട്ടിട്ടില്ല. അവര്‍ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുന്നവരല്ല. സംസ്ഥാന സര്‍ക്കാരിന്‍റെ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്‍റെ സാഹചര്യം ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സമരത്തിൽ എംഎൽഎമാരടക്കം പങ്കെടുത്തിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് എമ്മിൽ അഭ്യൂഹങ്ങളൊന്നുമില്ല. മുന്നണിമാറ്റമെന്ന് പറഞ്ഞ് ഇത്തരത്തിൽ വിസ്മയം ഉണ്ടാകേണ്ട കാര്യമില്ല. മുന്നണി മാറ്റം സംബന്ധിച്ച് രണ്ടാഴ്ച മുമ്പ് തന്നെ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നിലപാട് പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണി വ്യക്തമാക്കിയതാണ്. ഇതുസംബന്ധിച്ച ചര്‍ച്ചകളെക്കുറിച്ച് അറിയില്ല. അതെല്ലാം അഭ്യൂഹങ്ങളാണ്. വിശ്വാസ്യതയും ധാര്‍മികതയുമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. തുടരുമെന്ന് പറഞ്ഞ് താനിട്ട പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടതുപക്ഷ മുന്നണിയുടെയും സര്‍ക്കാരിന്‍റെയും ഭാഗമായി കേരള കോണ്‍ഗ്രസ് എം മുന്നോട്ടുപോവുകയാണ്. ഇടതുഭരണം തുടരുമെന്നതിൽ യാതൊരു സംശയവുമില്ലമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമാണെന്നും അവിടെ തന്നെ ഉറച്ചു നിൽക്കുമെന്നുമാണ് മുന്നണി മാറ്റ അഭ്യൂഹങ്ങളെ സംബന്ധിച്ച് നേരത്തെ ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയിരുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിലെ മുന്നണി മാറ്റമില്ലെന്ന് റോഷി അഗസ്റ്റിൻ പറയുമ്പോഴും പാര്‍ട്ടിയിൽ ഇക്കാര്യത്തിൽ ഭിന്നതയുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. ജോസ് കെ മാണിയും രണ്ട് എംഎൽഎമാരും മുന്നണി മാറണമെന്ന നിലപാടിലാണ്. എന്നാൽ, റോഷി അഗസ്റ്റിനും പ്രമോദ് നാരായണനുമടക്കം എൽഡിഎഫിൽ തന്നെ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നാണ് വിവരം. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമൊപ്പമുള്ള ചിത്രം തുടരുമെന്ന കുറിപ്പോടെ മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കുന്നതിൽ ഹൈക്കമാന്‍ഡ് പച്ചകൊടി കാണിച്ചെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. 16ന് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. യോഗത്തിൽ മുന്നണി മാറ്റം അടക്കം ചര്‍ച്ചയാകും. യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും.



