മൊബൈൽ ഫോൺ ഉപയോഗിച്ചു സഭയിൽ നിന്നു ദൃശ്യങ്ങൾ എടുത്തതില്‍ നടപടി വേണം. റൂൾ 50 പ്രകാരം അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ അനുവദിച്ചിട്ടും അവതരിപ്പിച്ചില്ല.നോട്ടീസ് സഭ പരിഗണിക്കുന്നതിനു മുൻപ് അത് പുറത്തു പറഞ്ഞതും ചട്ടലംഘനം

തിരുവനന്തപുരം; നിയമസഭ സമ്മേളനത്തിന്‍റെ ആദ്യദിവസം നടന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ ക്രമപ്രശ്നം ഉന്നയിച്ച് മന്ത്രി സജി ചെറിയാന്‍.പ്രധാനമായും രണ്ട് കാര്യങ്ങളാണ് മന്ത്രി ക്രമപ്രശ്നമായി ഉന്നയിച്ചത്.സഭയില്‍ നടന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങല്‍ മൊബൈൽ ഫോൺ ഉപയോഗിച്ചു ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തത് ഗൗരവമുള്ള പ്രശ്നമാണ്. ഇതിന് ഉത്തരവാദികളായ അംഗങ്ങള്‍ക്കെതിരെ നടപടി വേണം.റൂൾ 50 പ്രകാരം അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ അനുവദിച്ചിട്ടും അവതരിപ്പിക്കാതിരുന്നത് അംഗീകരിക്കാനാകില്ല..നോട്ടീസ് സഭ പരിഗണിക്കുന്നതിനു മുൻപ് അത് പുറത്തു പറഞ്ഞത് ചട്ടവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ക്രമപ്രശ്നം പരിശോധിച്ച് നടപടിയെടുക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ് അറിയിച്ചു

മന്ത്രി സഭയില്‍ പറഞ്ഞത്....

'പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാമത് സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ (27.06.22) അസാധാരണമായ നടപടികൾക്കാണ് സാക്ഷ്യം വഹിച്ചത്. സഭയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ബാധ്യസ്ഥപ്പെട്ട പ്രതിപക്ഷ സാമാജികർ തികച്ചും നിരുത്തരവാദപരമായ സമീപനമാണ് സഭാതലത്തിൽ സ്വീകരിച്ചത്. നിയമസഭക്കുളളിൽ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് നിയമ സഭാ നടപടി ക്രമങ്ങൾ പകർത്തുന്നത് കേരള നിയമസഭ അംഗങ്ങൾക്കുളള പെരു മാറ്റ ചട്ടം 4 (xx)-ന്റെ ലംഘനമാണ്. എന്നാൽ അംഗങ്ങൾ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ പൂർണ്ണമായും അവഗണിച്ചുകൊണ്ട് സഭാ നടപടികൾ ചിത്രീകരിക്കു കയും ഇത് ദൃശ്യമാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇത്തരം നടപടികൾ സഭയുടെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണ്. പ്രതിപക്ഷ എം.എൽ.എ.മാർ നടത്തിയ ഗുരുതരമായ ചട്ടലംഘനം ക്രമപ്രശ്നമായി ഉന്നയിക്കുന്നു'

'പ്രതിപക്ഷത്തിന് അസഹിഷ്ണുത', സഭയിലുണ്ടായത് ഇതുവരെ നടക്കാത്ത കാര്യങ്ങള്‍: മുഖ്യമന്ത്രി

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചട്ടവിരുദ്ധമായി ബാനറും പ്ലക്കാര്‍ഡും പ്രതിപക്ഷം ഉയര്‍ത്തി. പ്രതിപക്ഷം നല്‍കിയ നോട്ടീസ് അവര്‍ തന്നെ തടസ്സപ്പെടുത്തി. അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. സര്‍ക്കാരിന്‍റെ മറുപടി തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന്‍റെ ഈ നിലപാടെന്ന് മനസിലാകുന്നില്ല. ജനാധിപത്യപരമായ അവകാശം പ്രതിപക്ഷം വിനിയോഗിച്ചില്ല. പ്രതിപക്ഷത്തിന്‍റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്. കുറെ കാലമായി യുഡിഎഫ് സ്വീകരിക്കുന്ന ഹീനതന്ത്രത്തിന്‍റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

'കടക്ക് പുറത്ത്' മറന്നുപോയോ? എണ്ണിയെണ്ണി പറഞ്ഞ് പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി കൂപമണ്ഡൂകം എന്നും സതീശൻ

മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇന്നലെവരെയുള്ള കാര്യങ്ങള്‍ മറന്നാണ് മുഖ്യമന്ത്രിയുടെ സംസാരമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മുഖ്യമന്ത്രിക്ക് മറവിരോഗമാണ്. മുന്‍കാല ചെയ്തികള്‍ മറന്നതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഇപ്പോള്‍ നല്ല പിള്ള ചമഞ്ഞ് വര്‍ത്തമാനം പറയുകയാണ്. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് പിണറായിയാണെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രി നടത്തിയത് മന്‍ കീ ബാത്ത്. എല്‍ഡിഎഫ് സഭയില്‍ ചെയ്‍തത് പോലെ ഹീനമായ കാര്യം യുഡിഎഫ് ചെയ്തിട്ടില്ല. ഓരോ അതിക്രമവും ചെയ്തിട്ട് തള്ളിപ്പറയുന്നത് സിപിഎമ്മിന്‍റെ പതിവ് രീതിയാണ്. മുമ്പ് ടിപിയെ വധിച്ചത് തള്ളിപ്പറഞ്ഞില്ലേ?. ഗാന്ധി ചിത്രം തല്ലിതകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടക്കുന്ന കേസില്‍ ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി നിലപാട് പറയാമോ? ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിഷ്പക്ഷമായി അന്വേഷിക്കാന്‍ കഴിയുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തില്‍? ചോദ്യവുമായി സതീശന്‍