അതിവേഗ ട്രെയിനിന്റെ സ്പീഡ് 200 പോരെന്നും 400 കിലോമീറ്റർ എങ്കിലും വേണമെന്ന് മന്ത്രി പറഞ്ഞു.

ആലപ്പുഴ: കെ റെയിലിനെ അനുകൂലിച്ച് മന്ത്രി സജി ചെറിയാന്‍ വീണ്ടും രംഗത്ത്. ആലപ്പുഴയില്‍ മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്താണ് മന്ത്രിയുടെ പുതിയ പ്രസ്താവന.

വികസനം പറയുമ്പോൾ കേരളത്തിൽ മാത്രമാണ് പരിസ്ഥിതി പ്രശ്നങ്ങൾ പറയുന്നതെന്ന് മന്ത്രി പറഞ്ഞു. വികസനം പറയുമ്പോൾ ആരെയും ആക്രമിക്കാൻ ശ്രമിക്കുന്നത് ശരിയായ സമീപനമല്ല. കാലത്തിനൊത്ത് വികസനമെന്നത് ന്യായമായ ആവശ്യമാണ്. നമുക്ക് സാധ്യമായ മേഖലകളിലെല്ലാം വികസനം നടപ്പാക്കണം. ന്യായമായ വികസനം കേരളത്തിൽ എത്തുമ്പോൾ എതിർക്കപ്പെടുന്നുവെന്നും മന്ത്രി വിമർശിച്ചു.

അതിവേഗ ട്രെയിനിന്റെ സ്പീഡ് 200 പോരെന്നും 400 കിലോമീറ്റർ എങ്കിലും വേണമെന്ന് മന്ത്രി പറഞ്ഞു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂർ കൊണ്ടല്ല രണ്ട് മണിക്കൂർ കൊണ്ട് എത്തിച്ചേരാനാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അങ്ങനെ പദ്ധതികൾ വന്നാലേ നാട് വികസിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്?
ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്. കേരളത്തിൽ മാത്രം എന്താണ് പരിസ്ഥിതി പ്രശ്നം?’
മന്ത്രി സജി ചെറിയാൻ ചടങ്ങില്‍ പറഞ്ഞു.

കെ റെയിൽ പ്രതിഷേധം: പൊലീസ് ലാത്തിവീശി

കെ റെയിലിനെതിരെ ഫോർട്ടുകൊച്ചിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ ആർ ഡി ഒ ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന പ്രവർത്തകർ ഓഫീസിനുളളിലേക്ക് കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. തുടർന്ന് ബലം പ്രയോഗിച്ച് ഇവരെ ഓഫീസിന് പുറത്തെത്തിച്ചു. അറസ്റ്റിലായ ഏതാനും പ്രവർത്തകർക്ക് ലാത്തിച്ചാർജിൽ പരിക്കറ്റതായി യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. 

കെ റെയിൽ കല്ല് ആർഡി ഓഫീസിലേക്ക് വലിച്ചെറിഞ്ഞു

കെ റെയിലിനെതിരെ പാലക്കാട് റവന്യൂ ഡിവിഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോണ്ഗ്രസ്. പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് ഗേറ്റിന് മുന്നിൽ തടഞ്ഞു. ഇതോടെ പ്രതീകാത്മക കെ റെയിൽ കുറ്റി പ്രവർത്തകർ ഓഫീസിലേക്ക് വലിച്ചെറിഞ്ഞു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കെ റെയിൽ കത്തിനിൽക്കെ വിനോദയാത്ര: നടപടിക്ക് ഡിസിസി

പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടിക്കൊരുങ്ങി കോട്ടയം ഡിസിസി. കെ റെയിൽ സമരം കത്തിനിൽക്കെ സിപിഎം കൗൺസിലർമാർക്കൊപ്പം കോൺഗ്രസ് അംഗങ്ങൾ ഉല്ലാസയാത്ര പോയതാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത്തരം പ്രവർത്തി അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഎം ക്രൂരതയെ നേരിടുന്ന സാധാരണ പ്രവർത്തകരുടെ വികാരത്തെ പാലായിലെ കൗൺസിലർമാർ വ്രണപ്പെടുത്തിയെന്നും ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞമാസം 20നായിരുന്നു എൽഡിഎഫ് ഭരിക്കുന്ന പാലാ നഗരസഭയിലെ കൗൺസിലർമാരുടെ ഉല്ലാസയാത്ര. സിപിഎം, കോൺഗ്രസ്, ജോസഫ് വിഭാഗം അംഗങ്ങളാണ് ഞായറാഴ്ച വാഗമണ്ണിൽ ചുറ്റിയടിച്ചത്. അതേസമയം, ഭരണം ഒരുമിച്ചെങ്കിലും നഗരസഭയിലെ കയ്യാങ്കളിക്ക് ശേഷം സിപിഎമ്മുമായി പടലപ്പിണക്കം തുടരുന്ന മാണിവിഭാഗം വിട്ടുനിൽക്കുകയും ചെയ്തു. 

കെ റെയിൽ സമരത്തിൽ സിപിഎം കോൺഗ്രസ് നേർക്കുനേർ പോരാട്ടത്തിനിടെയുള്ള ഉല്ലാസത്തെ ഗൗരവമായി കാണുകയാണ് ഡിസിസി. സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്ന് തരൂരിനേയും കെ വി തോമസിനേയും കോൺഗ്രസ് വിലക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് കോട്ടയം ഡിസിസി വടിയെടുക്കുന്നത്. അംഗീകരിക്കാൻ കഴിയാത്ത പ്രവ‍ർത്തിയെന്നും വിശദീകരണം ചോദിക്കുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.

വിഷയം കെ പി സി സിയുടെ മുന്നിലേക്കെത്തിക്കാൻ തന്നെയാണ് ഡി സി സി അധ്യക്ഷൻ ഒരുങ്ങുന്നത്. പാലാ നഗരസഭയിൽ സി പി എമ്മുമായി ചേർന്ന് കോൺഗ്രസ് അംഗങ്ങൾ കുറുമുന്നണിയായി പ്രവർത്തിക്കുന്നുവെന്ന പരാതിയും ഡി സി സിക്ക് മുന്നിൽ നേരത്തെ തന്നെയുണ്ട്.