കാലാവസ്ഥ വ്യതിയാനം മൂലം തീരദേശത്ത് വലിയ ദുരിതമാണുണ്ടാകുന്നത്. ചെലവ് കുറഞ്ഞ നിലയില്‍ തീര സംരക്ഷണം എങ്ങിനെ ഉറപ്പാക്കാമെന്ന് ആലോചിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യമേഖലയിലേയും തീരപ്രദേശത്തയേും പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സീരിയലുകളുടെ സെന്‍സറിംഗ് സാധ്യത ഗൗരവമായി പരിശോധിക്കുമെന്നും, ഏഷ്യാനെററ് ന്യൂസിന്‍റെ മന്ത്രിയോട് ചോദിക്കാം പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥ വ്യതിയാനം മൂലം തീരദേശത്ത് വലിയ ദുരിതമാണുണ്ടാകുന്നത്. ചെലവ് കുറഞ്ഞ നിലയില്‍ തീര സംരക്ഷണം എങ്ങിനെ ഉറപ്പാക്കാമെന്ന് ആലോചിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരായ പി.രാജിവ്, റോഷി അഗസ്റ്റിന്‍ താനും നാളെ ചര്‍ച്ച നടത്തും. ഓഫീസിലിരുന്ന് തത്വം പറയാതെ തീരദേശത്തേക്ക് നേരിട്ട് പോയി പ്രശനങ്ങള്‍ മനസ്സിലാക്കി പരിഹരിക്കും.

സാംസ്കാരിക മേഖലക്കായി ഒരു നയം രൂപീകരിക്കുമെന്നും പ്രേക്ഷകന്‍റെ ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും കാണുന്ന സീരിയലുകളില്‍ വരുന്ന അശാസ്ത്രീയവും അബദ്ധജടിലവുമായ കാര്യങ്ങള്‍ ഒഴിവാക്കണം. കോവിഡ് പ്രതിസന്ധി മൂലം സിനിമ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. സിനിമ മേഖലക്കായി നീകുതി ഇളവുള്‍പ്പെടെ സാമ്പത്തിക പാക്കേജ് തയ്യാറാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ മേഖലയില്‍ ഒടിടി പ്ളാറ്റ്ഫോം ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.