സ്വർണപ്പാളി വിവാദത്തിൽ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും കോടതിയിൽ വിശ്വാസം അർപ്പിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്ന് മന്ത്രി വി എൻ വാസവൻ. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നടക്കുന്നത്. കോടതിയിൽ വിശ്വാസം അർപ്പിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്. ഇതിലടക്കം അന്വേഷണം നടക്കട്ടെ. ആര് എന്ത് കട്ടുകൊണ്ട് പോയാലും പിടികൂടുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ പണപ്പിരിവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
ശബരിമലയുടെ പേരിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ പണപ്പിരിവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദ്വാരപാലക ശിൽപം സ്വർണം പൂശുന്നതിനായി ബെംഗളൂരുവിലെ വ്യവസായിയായ അജികുമാർ 35 ലക്ഷം രൂപ മുടക്കിയെന്ന് സഹോദരൻ അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അജികുമാർ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. കോവിഡിനെ തുടർന്ന് 2020ൽ അജികുമാർ മരിച്ചു. കൂടാതെ ദ്വാരപാലക ശില്പങ്ങൾ ശബരിമലയിലേക്ക് കൊണ്ടുപോകും വഴി മൂവാറ്റുപുഴയിലെ പെരളിമറ്റത്ത് സൂക്ഷിച്ചതായും സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദ്വാരപാലക ശില്പങ്ങൾ ചെന്നൈയിൽ നിന്ന് ബംഗളൂരുവിൽ എത്തിച്ചശേഷം അവിടെ നിന്നാണ് മൂവാറ്റുപുഴയിൽ കൊണ്ടുവന്നത്. പണം മുടക്കിയ അജികുമാറിന്റെ കുടുംബ വീട് ഇവിടെയാണ്. ഒരു രാത്രിയും ഒരു പകലും ദ്വാരപാലക ശിൽപങ്ങൾ ഇവിടെ പൂജകൾക്കായി സൂക്ഷിച്ചു. അതിനുശേഷം കോട്ടയത്തെ പള്ളിക്കത്തോട് കൊണ്ടുപോയി. അവിടെ നിന്നാണ് സന്നിധാനത്തേക്ക് കൊണ്ടുപോയത്. വ്യവസായിയായ അജികുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദത്തിന്റെ പേരിലാണ് ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശാൻ 35 ലക്ഷം രൂപ അജികുമാർ മുടക്കിയതെന്നും സഹോദരൻ അനിൽ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട്
ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബ്ലെയ്ഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം ഭൂമികച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. മുൻ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടനിലക്കാരൻ. സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.



