Asianet News MalayalamAsianet News Malayalam

കലോത്സവ സ്വാഗത ഗാന വിവാദം: പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി ശിവൻകുട്ടി

സ്വാഗത ഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളിൽ നിന്ന് മാറ്റിനിർത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി

Minister seeks report on Kerala school kalolsavam welcome song row
Author
First Published Jan 10, 2023, 2:42 PM IST

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന അവതരണം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. സ്വാഗതഗാനത്തിന്റെ ട്രയൽ കണ്ട ഡയറക്ടറെ തന്നെയാണ് അന്വേഷണത്തിനും നിയോഗിച്ചത്.

കലോത്സവ ഗാനത്തിലെ പരാമർശവിധേയമായ ഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിലപാട് അല്ല. സ്വാഗത ഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയെ വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികളിൽ നിന്ന് മാറ്റിനിർത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പിന്നീട് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സ്കൂൾ കലോത്സവത്തിന്റെ ഓരോ വിഭാഗവും നിയന്ത്രിക്കുന്നത് അധ്യാപക സംഘടനകളാണെന്ന് മന്ത്രി പറഞ്ഞു. സ്വാഗത ഗാനം ഒരു സമിതി സ്ക്രീൻ ചെയ്തിരുന്നു. എന്നാൽ സ്റ്റേജ് ഡ്രസിൽ അല്ലായിരുന്നു സ്‌ക്രീനിംഗ് എന്നാണ് അറിയാൻ കഴിഞ്ഞത്. കലോത്സവ ഭക്ഷണത്തിന്റെ പേരിൽ ചിലർ വെറുതെ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. മികച്ച കരിയർ റെക്കോർഡുള്ള പഴയിടം മോഹനൻ നമ്പൂതിരിയെ ക്രൂശിക്കുന്ന തരത്തിൽ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വിമർശിച്ചു.

വൈവിധ്യങ്ങളുടെ മേളയാണ് കലോത്സവമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇനിയും ഈ വിഷയത്തിൽ കടിച്ചു തൂങ്ങാൻ നിൽക്കുന്നവർക്ക് കൃത്യമായ അജണ്ടയുണ്ട്. ഈ അജണ്ട തിരിച്ചറിയാനുള്ള മതേതര മനസ് കേരളത്തിനുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Follow Us:
Download App:
  • android
  • ios