തൃശൂർ: തൃശൂർ പൂരം മുടങ്ങില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. സർക്കാർ തീരുമാനം അട്ടിമറിക്കാൻ  ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് മന്ത്രി പ്രതികരിച്ചു. പൂരം എക്സിബിഷൻ നിയന്ത്രങ്ങളോടെ നടക്കും. അത് സംബന്ധിച്ച് സംഘാടകർ നൽകിയ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി അംഗീകരിച്ചിട്ടുണ്ട്. സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. എക്സിബിഷന് 200 പേർക്കെ അനുമതി നൽകൂവെന്ന തീരുമാനം അനുവദിക്കില്ലെന്നും മന്ത്രി സുനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

തൃശൂർ പൂരം എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി രംഗത്തെത്തിയിരുന്നു. ആഴ്ച്ചകൾ നീണ്ട ചർച്ചക്കൊടുവിലാണ് പൂരവും എക്സിബിഷനും നടത്താൻ സർക്കാർ അനുമതി നൽകിയത്. ഇതനുസരിച്ച്  എക്സിബിഷൻ ആരംഭിക്കാൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്.