തിരുവനന്തപുരം: കാർഷിക നിയമ ഭേദ​ഗതി സംബന്ധിച്ച് ഒ രാജ​ഗോപാൽ എംഎൽഎ സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ച് മന്ത്രി തോമസ് ഐസക്. കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചത് നല്ല കാര്യമാണെന്ന് മന്ത്രി പ്രതികരിച്ചു. 

Read Also: നിയമസഭയിൽ വേറിട്ട നയം: കൂട്ടം തെറ്റിയ ഒറ്റയാനായി രാജ​ഗോപാൽ, മറുപടിയില്ലാതെ ബിജെപി...

സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപനയ്ക്ക് അനുമതി നൽകിയ ഹൈക്കോടതി വിധി ലോട്ടറി മാഫിയയുടെ വെല്ലുവിളിക്ക് സഹായകമാണെന്ന് മന്ത്രി പറഞ്ഞു. ഡിവിഷൻ ബെഞ്ചിന് നാലാം തീയതി അപ്പീൽ നൽകും. അതിനുള്ള അവകാശം സംസ്ഥാനത്തിനുണ്ട്.  കേസ് നടത്താൻ മുതിർന്ന അഭിഭാഷകരെ നിയോഗിക്കും. കേരളത്തിൽ കയറി ലോട്ടറി കച്ചവടം നടത്താമെന്ന് സാൻ്റിയാഗോ മാർട്ടിനും കൂട്ടരും കരുതേണ്ട. ബിജെപി സഹായത്തോടെ ലോട്ടറി മാഫിയ രാജ്യത്ത് പിടിമുറുക്കാൻ നീക്കം നടത്തുകയാണ്.

ലോട്ടറി വിൽപ്പനക്കാരുടെയും ഏജൻ്റുമാരുടെയും യോഗം ഇന്നു വിളിച്ചു. അവരെയും അണിനിരത്തി ലോട്ടറി മാഫിയയെ ചെറുക്കും. നികുതി വെട്ടിച്ച് കച്ചവടം നടത്താതിരിക്കാൻ സംസ്ഥാന ജി എസ് ടി വകുപ്പ് ശക്തമായ പരിശോധന നടത്തും. ഇതര സംസ്ഥാന ലോട്ടറിക്ക് റജിസ്ട്രേഷൻ കിട്ടിയാലും നികുതി വെട്ടിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. എന്തുവന്നാലും ലോട്ടറി മാഫിയയെ സംസ്ഥാനത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ല. കേരള സംസ്ഥാന ലോട്ടറിയുടെ വില കുറച്ചായാലും  ഇതര സംസ്ഥാന ലോട്ടറിയോട് മൽസരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.