കൊച്ചി: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ അപകടമരണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. സമാനമായ സംഭവങ്ങളിൽ കടുത്ത നടപടികൾ എടുത്ത അനുഭവം മുന്നിലുണ്ടെന്നും ബഷീറിന്റേത് നികത്താനാകാത്ത നഷ്ടമാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

അതേസമയം, ബഷീറിന്‍റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തില്‍ സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍  പ്രതിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം പൊലീസിന് നല്‍കിയിരുന്ന മൊഴി. പിന്നാലെ ആരേയും പ്രതി ചേര്‍ക്കാതെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് ചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

ശ്രീറാമിന്‍റെ മൊഴി ഡിസിപി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള ശ്രീറാമിന്‍റെ രക്തസാംപിളുകളും ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. 

സംഭവ വേളയിൽ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആണെന്ന് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്‍റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കി.