ഉദ്യോഗസ്ഥർക്ക് വാവ സുരേഷിനോട് കുശുമ്പാണ്. നന്മ ചെയ്യുന്നത് ആരും തെറ്റായി വ്യാഖ്യാനിക്കരുതെന്നും മന്ത്രി വി എൻ വാസവൻ.

തിരുവനന്തപുരം: മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ശേഷം ആശുപത്രി വിട്ട വാവ സുരേഷിന് (Vava Suresh) പിന്തുണയുമായി മന്ത്രി വി എൻ വാസവൻ. വാവയെ വിളിക്കരുതെന്ന് പറയാൻ വനം വകുപ്പ്‌ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെ വിളിച്ചാൽ അവർ സമയത്ത് വരാറുണ്ടോ എന്നും മന്ത്രി ചോദിച്ചു. ഉദ്യോഗസ്ഥർക്ക് വാവ സുരേഷിനോട് കുശുമ്പാണ്. നന്മ ചെയ്യുന്നത് ആരും തെറ്റായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാവ സുരേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങള്‍ സംസാരിക്കുകയായിരുന്നു വി എൻ വാസവൻ. കുടുംബത്തിന്റെ ആഗ്രഹം അനുസരിച്ച് വീട് പണിത് നൽകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ വീടിന്‍റെ അവസ്ഥ ദയനീയമാണ്. സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയുടെ ചാരിറ്റബിൾ സൊസൈറ്റിയാണ് വാവ സുരേഷിന് വീട് വെച്ച് നല്‍കുക. ഇതിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്നും നാളെ എഞ്ചിനീയർ എത്തുമെന്നും മന്ത്രി അറിയിച്ചു. വിമർശകർ കാണാതെ പോകുന്നത് അദ്ദേഹം മനുഷ്യ സ്നേഹിയും മൃഗ സ്നേഹിയുമാണെന്നും മന്ത്രി വി എൻ വാസവൻ കൂട്ടിച്ചേര്‍ത്തു.