കണ്ണൂർ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്ത്‌ ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. തൊപ്പി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചും ബോധവത്ക്കരണം നടത്തും. ഇതിനായി പ്രത്യേക പ്രോജക്ട് തയ്യാറാക്കും. ഇതുപോലെ യൂട്യൂബിലൊക്കെ നടത്തുന്ന പരിപാടികൾ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു. നിയമപരമായ മാർഗങ്ങളും എല്ലാം സ്വീകരിക്കും. യൂട്യബിൽ സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്തും പറയാമെന്ന, ഒരു മാന്യതയുമില്ലാതെ പറയാമെന്ന നില പാടില്ല. പല വൃത്തിക്കേടുകളും ഇവിടെ കാണിക്കുന്നുണ്ട്. പോലീസിന്റെ ഇപ്പോഴത്തെ നടപടി ആദ്യ ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്ത്‌ ജാമ്യത്തിൽ വിട്ടു. ഇന്നലെ എസ് ഐയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ എത്തിയാണ് കണ്ണപുരം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐ ടി ആക്ട് 67 അനുസരിച്ചാണ് അറസ്റ്റ്. 

Read More: 'തൊപ്പിയുടെ അറസ്റ്റ്' നൽകുന്ന സന്ദേശം; സംസ്കാരവും സാന്മാർഗിക മൂല്യവും ചൂണ്ടിക്കാട്ടി കേരള പൊലീസ്

എന്നാൽ നിഹാദിന്റെ മുറിയിൽ നിന്നും വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും മറ്റു തെളിവുകൾ കണ്ടെത്താനായില്ലെന്ന് സൂചന. ഇവ കോടതിയിൽ സമർപ്പിച്ചു. കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ തൊപ്പിയുടെ യൂട്യൂബ് ബ്ലോക്ക് ചെയ്യാന്‍ പൊലീസ് നടപടികള്‍ സ്വീകരിക്കും. തൊപ്പി എന്ന പേരിലുള്ള നിഹാദിന്റെ ലാപ്ടോപ്പ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, മൊബൈൽ ഫോണുകൾ എന്നിവയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

വളാഞ്ചേരി സ്റ്റേഷനിൽ വച്ച് പൊലീസ് വിശദമായി ഇവ പരിശോധിച്ചിരുന്നു. എന്നാൽ മറ്റു വകുപ്പുകൾ ചുമത്തേണ്ട തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഈ ഉപകരണങ്ങൾ കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന കർശന നിബന്ധനയോടെയാണ് തൊപ്പിയെന്ന നിഹാദിനെ ഇന്നലെ വൈകീട്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. രണ്ടു ദിവസം കഴിഞ്ഞു വളാഞ്ചേരി സ്റ്റേഷനിൽ ഹാജരാകണം. പരാതികൾ ഉയർന്നതിനെ തുടർന്ന് ഇയാളുടെ യൂ ട്യൂബ് ബ്ലോക്ക് ചെയ്യാൻ പൊലീസ് നടപടികളെടുക്കും. അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകും.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം... 

YouTube video player