പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് മന്ത്രി ശിവൻകുട്ടി. വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇ-ബസ്സുകൾ ന​ഗരപരിധിയിൽ മാത്രം ഓടിയാൽ മതിയെന്നും ബസ്സുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നുമുള്ള മേയറുടെ പ്രതികരണത്തിനാണ് മറുപടി. 

തിരുവനന്തപുരം: കോർപ്പറേഷനിലെ ഇ- ബസ് തർക്കത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇ-ബസ്സുകൾ ന​ഗരപരിധിയിൽ മാത്രം ഓടിയാൽ മതിയെന്നും ബസ്സുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും മേയർ വിവി രാജേഷ് പറ‍ഞ്ഞിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി മാനിക്കുന്നു. പ്രതിപക്ഷമെന്ന നിലയിൽ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കും. പ്രധാനമന്ത്രി വരുമ്പോൾ ഞങ്ങൾക്കും ആവശ്യം ഉന്നയിക്കാൻ ഉണ്ട്. തെരുവുനായ ശല്യം ഒഴിവാക്കാനുള്ള നടപടി ആവശ്യപ്പെട്ട് മേയർ കത്ത് നൽകണമെന്നും മന്ത്രി വി ശിവൻകുട്ടി പറ‍ഞ്ഞു. പിഎം ശ്രീ ഇടത് മുന്നണി യോഗത്തിൽ വിമർശനം ഉണ്ടായെന്ന വാർത്ത എന്തിന്റെ അടിസ്ഥാനത്തിൽ എന്നറിയില്ല. കേരളത്തിന് അവകാശപ്പെട്ട ഫണ്ടാണ്. മുഖ്യമന്ത്രിയ്ക്കെതിരെ വലിയ വികാരം എന്ന് ചില വാർത്തകളിൽ കണ്ടു. മുഖ്യമന്ത്രിയ്ക്കെതിരെ ഒരു വികാരവും ഇല്ല. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല. ആരുടെ എങ്കിലും കുറവ് കൊണ്ടല്ല തെരഞ്ഞെടുപ്പിലെ തിരിച്ചടി. ഇത് രാഷ്ട്രീയ ദുഷ്ടലാക്കോടെ ഉള്ള പ്രചാരണമാണെന്നും ശിവൻകുട്ടി പറഞ്ഞു.

കോൺഗ്രസ് ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസിയായി മാറുകയാണ്. എൽഡിഎഫിനെ തോൽപ്പിക്കാൻ പച്ചയായ വോട്ട് കച്ചവടം നടത്തുന്നു. പിണറായി വിജയന്റെ വീട്ടിൽ നിന്ന് ആരും ബിജെപിയിൽ പോയിട്ടില്ല. കെ മുരളീധരന്റെ വീട്ടിൽ നിന്നാണ് ബിജെപി- കോൺഗ്രസ് പാലമെന്നും മന്ത്രി ആരോപിച്ചു. പിഎം ശ്രീ ഇപ്പോൾ നടപ്പാക്കുന്നില്ല. അതിനാൽ ഉടൻ സമിതി ചേരേണ്ട കാര്യമില്ല. നഗരസഭ കെട്ടിടങ്ങൾ ദുരുപയോഗം ചെയ്യുന്നെങ്കിൽ കോർപ്പറേഷൻ പരിശോധിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ കോർപറേഷന്റെ അധികാരങ്ങളും സർക്കാർ അധികാരങ്ങളും തിരിച്ചറിയണം. തനിക്ക് എതിരെ ഇപ്പോൾ സൈബർ ആക്രമണം ഇല്ല. അതിൽ തനിക്ക് സങ്കടം ഇല്ല. സൈബർ ആക്രമണം ഉണ്ടെങ്കിൽ ഒരു രസം ഉണ്ടെന്നും മന്ത്രി പരിഹസിച്ചു.

1 മുതൽ 12 വരെ യുള്ള പാഠപുസ്തക പരിഷ്കരണം പൂർത്തിയാവുകയാണ്. പ്ലസ് 1, പ്ലസ് 2 ക്ലാസുകളിൽ മൂന്ന് പാഠപുസ്തകങ്ങൾ കേരളം സ്വന്തമായി തയ്യാറാക്കും. ചരിത്രം, പൊളിറ്റിക്സ്, സോഷ്യോളജി അവധിക്കാല ക്ലാസുകൾ ഒഴിവാക്കണം എന്ന നിർദ്ദേശം കർശനമായി നടപ്പാക്കണം. അവധിക്കാലം കഴിയാതെ പഠനം നടത്തരുത്. സ്കൂളുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

YouTube video player