ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട് മാറ്റം സർക്കാർ നിർദേശപ്രകാരമല്ലെന്ന് മന്ത്രി വി.എൻ വാസവൻ. ബോർഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നും, സർക്കാർ നിലപാട് മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിൻ്റെ നിലപാട് മാറ്റം സർക്കാർ നിർദേശപ്രകാരം അല്ലെന്ന് മന്ത്രി വിഎൻ വാസവൻ. ദേവസ്വം ബോർഡ് വിശ്വാസവും ക്ഷേത്രവും സംരക്ഷിക്കാൻ വേണ്ടി ഉള്ളതാണ്. അവർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല. ഒരു തീരുമാനമെടുക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടില്ല. ദേവസ്വം ബോർഡുകൾക്ക് പരമാധികാരമുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് മന്ത്രിസഭ യോഗം ചേർന്ന് ചർച്ച ചെയ്തു തീരുമാനിക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ബന്ധപ്പെട്ട നിയമ വിദഗ്തരോട് ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. മാർച്ച് 14ന് കേസ് പരിഗണിക്കും മുമ്പ് തന്നെ സർക്കാർ നിലപാട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയിൽ 2019 ൽ സമർപ്പിച്ച സത്യവാങ്മൂലം തിരുത്താനാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമെന്നാണ് ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധിയെ എതിർക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ദേവസ്വം ബോര്‍ഡ‍് ഒരിക്കലും യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ലെന്നും വ്യക്തികളാണ് അനുകൂലിച്ചതെന്നും പറഞ്ഞു.


