Asianet News MalayalamAsianet News Malayalam

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഇടഞ്ഞാൽ ഉത്തരവാദപ്പെട്ടവർ മറുപടി പറയേണ്ടിവരും: വി എസ് സുനിൽകുമാർ

തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണ്. ആനയെ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാൽ സർക്കാർ എതിർക്കില്ലെന്നും മന്ത്രി പറഞ്ഞു. 

minister vs sunilkumar clear government stand on Thechikottukavu Ramachandran ban issue
Author
Thrissur, First Published May 9, 2019, 2:47 PM IST

തൃശൂർ: തൃശൂർ പൂരത്തിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി എസ് സുനിൽകുമാർ. തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണ്. സർക്കാരിന് ഇക്കാര്യത്തിൽ നിർബന്ധബുദ്ധിയില്ല. ഇക്കാര്യം കോടതിയിൽ വ്യക്തമാക്കുമെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാൽ സർക്കാർ എതിർക്കില്ല. പക്ഷെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാൽ ഉത്തരവാദപ്പെട്ടവർ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി സുനിൽകുമാർ മുന്നറിയിപ്പ് നൽകി.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് മന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തൃശൂർ  കളക്ടർ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്ത് തെച്ചിക്കോട് കാവ് ദേവസ്വം നൽകിയ ഹർജിയാണ് നാളെ ഹൈക്കോടതി പരിഗണിക്കുന്നത്. 

പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും കാഴ്ച ഇല്ലാതാവും ചെയ്ത ആന സുരക്ഷാ പ്രശനങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടർ ടി വി അനുപമ അധ്യക്ഷയായ ജില്ലാ നിരീക്ഷക സമിതി തെച്ചിക്കോട്ട്  കാവ് രാമചന്ദ്രനെ പൂരം എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയത്. ഇത് ചോദ്യം ചെയ്താണ് തെച്ചിക്കോട്ടുകാവ് ദേവസ്വം ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

വർഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പെടുത്ത് തെക്കേ ഗോപുര നട തള്ളിത്തുറന്ന് പൂര വിളമ്പരം ചെയ്യുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. പൂരത്തിനിടയിൽ ആന ഒരിക്കൽ പോലും ആക്രമം കാണിച്ചിട്ടില്ല. കാഴ്ച ഇല്ല എന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ വാദത്തിന് ശാസ്ത്രീയ പിൻബലമില്ല. രണ്ട് കണ്ണിനും കാഴ്ചയില്ലെന്ന്  ഒരു ഡോക്ടർമാരും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കുന്നതിന് പിന്നിൽ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നുവെന്നാണ് ആന ഉടമകളുടെ വാദം.
 
അതേസമയം, തൃശൂര്‍ പൂരം അനുബന്ധിച്ച് ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ. മെയ് 12 മുതൽ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അനുപമ അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios