Asianet News MalayalamAsianet News Malayalam

തൃശ്ശൂർ പൂരം നടത്തുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ; ആൾക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കും

പൂരം നടത്തിപ്പ് സംബന്ധിച്ച് വിഷുവിനു ശേഷം യോഗം ചേരും. ദേവസ്വങ്ങളും സർക്കാരും യോജിച്ചാണ് പ്രവർത്തിക്കുന്നത്. ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

minister vs sunilkumar said that thrissurpooram will be held
Author
Thrissur, First Published Apr 11, 2021, 12:13 PM IST

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തുമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ പുനർവിചിന്തനമില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ജനങ്ങളെ നിയന്ത്രിക്കാൻ നടപടി എടുക്കും. തുടർ ചർച്ചകൾ നടത്തും. പൂരം നടത്തിപ്പ് സംബന്ധിച്ച് വിഷുവിനു ശേഷം യോഗം ചേരും. ദേവസ്വങ്ങളും സർക്കാരും യോജിച്ചാണ് പ്രവർത്തിക്കുന്നത്. ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

തെരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് തൃശൂർ പൂരം നടത്തുന്നത്  സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നാണ് ആരോ​ഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുകയെന്ന് തൃശൂർ ഡിഎംഒ പ്രതികരിച്ചു. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് വ്യക്തമാക്കിയ ഡിഎംഓ ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്തമില്ലെന്നും പ്രതികരിച്ചു. 

അതേസമയം, ഡിഎംഒക്കെതിരെ പാറമേക്കാവ് ദേവസ്വം രം​ഗത്തു വന്നു. പൂരത്തെ തകർക്കാനാണ് ഡിഎംഒയുടെ ശ്രമം. ഡിഎംഒയുടേത്  ഊതി പെരുപ്പിച്ച കണക്കാണ്. ജനങ്ങളെ നിയന്ത്രിക്കാൻ തയ്യാറാണെന്നും ദേവസ്വം അധികൃതർ പറഞ്ഞു.

പൂരം നടത്തിപ്പ് തടസ്സപ്പെടുത്തരുതെന്ന് ടി എൻ പ്രതാപൻ എംപിയും ആവശ്യപ്പെട്ടു. കൊവിഡിന്റെ പേരിൽ പൂരത്തിന്റെ പകിട്ട് കുറയ്ക്കരുത് എന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്തിപ്പിനെതിരെ ആരോ​ഗ്യവകുപ്പ് രം​ഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം. അതിനിടെ, പൂരം നടത്തിപ്പ് സംബന്ധിച്ച്  ചീഫ് സെക്രട്ടറിക്ക് തൃശ്ശൂർ ജില്ലാ കലക്ടർ കത്തയച്ചു. യോഗം ചേരണം എന്നാണ് കത്തിലെ ആവശ്യം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോ​ഗത്തിൽ ചർച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios