Asianet News MalayalamAsianet News Malayalam

ഗവർണറുടെ ചായസല്‍ക്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ച് മന്ത്രിമാർ, പങ്കെടുത്തത് പുതിയ മന്ത്രിമാരും എകെ ശശീന്ദ്രനും

അതേസമയം, പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമെന്ന വിവരവും പുറത്തുവന്നു. തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവനും രജിസ്ട്രേഷന്‍ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും നല്‍കിയേക്കുമെന്നുമാണ് സൂചന

Ministers boycotted Governor's tea party, new ministers and AK Saseendran attended
Author
First Published Dec 29, 2023, 5:02 PM IST

തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ചായസല്‍ക്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പുതുതായി സത്യപ്രതിജ്ഞ ചെയ്ത കെബി ഗണേഷ്കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും മാത്രമാണ് മന്ത്രിസഭയില്‍നിന്ന് ചായസല്‍ക്കാരത്തില്‍ പങ്കെടുത്തത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ചായസല്‍ക്കാരത്തില്‍ വിട്ടുനിന്നുകൊണ്ടുള്ള അസാധാരണ നടപടി മുഖ്യമന്ത്രിയില്‍നിന്നും മന്ത്രിമാരില്‍നിന്നുമുണ്ടായത്. അതേസമയം, പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമെന്ന വിവരവും പുറത്തുവന്നു. തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവനും രജിസ്ട്രേഷന്‍ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും നല്‍കിയേക്കുമെന്നുമാണ് സൂചന. വകുപ്പുകള്‍ സംബന്ധിച്ച് വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം. കെ ബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പായിരിക്കും ലഭിക്കുക. 


സത്യപ്രതിജ്ഞ വേദിയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം മുഖം കൊടുക്കാനോ ഹസ്തദാനം ചെയ്യാനോ തയ്യാറായിരുന്നില്ല. ഇതിനുപിന്നാലെയാണ് ചായ സത്കാരം കൂട്ടത്തോടെ ബഹിഷ്കരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വേദിയില്‍ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം നോക്കുകയോ ഹസ്തദാനം ചെയ്യുകയോ ചെയ്തില്ല. സത്യപ്രതിജ്ഞ ചടങ്ങ് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള മഞ്ഞുരുകലിനുള്ള വേദിയായി മാറുമെന്ന് കരുതിയിരുന്നെങ്കിലും അതിനുള്ള അവസരമുണ്ടായില്ലെന്ന് മാത്രമല്ല അസാധാരണ രംഗങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. ചടങ്ങ് ആരംഭിച്ചത് മുതല്‍ ഇരുവരും പരസ്പരം മുഖത്തു പോലും നോക്കിയില്ല. ചടങ്ങ് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നോക്കുക പോലും ചെയ്യാതെ മടങ്ങുകയായിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രിയും രാജ് ഭവനിലെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മടങ്ങി.  പരസ്പരം സംസാരിക്കാനോ ഹസ്തദാനം ചെയ്യാനോ അഭിവാദ്യം ചെയ്യാനോ ഇരുവരും തയ്യാറായില്ല. എന്തായാലും ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഇനിയും തുടരുമെന്നതിന്‍റെ സൂചനയാണ് സത്യപ്രതിജ്ഞ ചടങ്ങിലെ ഇരുവരും നല്‍കിയത്. 

മഞ്ഞുരുകിയില്ല! സത്യപ്രതിജ്ഞ വേദിയിലും പരസ്പരം മിണ്ടാതെ, മുഖം കൊടുക്കാതെ മുഖ്യമന്ത്രിയും ഗവര്‍ണറും

 

Latest Videos
Follow Us:
Download App:
  • android
  • ios