തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന മുന്നറിയിപ്പുമായി സിപിഎം.  മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പോലും ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിക്കാൻ പാര്‍ട്ടി തീരുമാനം എടുത്തത്. പാര്‍ട്ടി നോമിനകളായി  വിവിധ മന്ത്രി ഓഫീസുകളിൽ തുടരുന്നവർ പാർട്ടി പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയിൽ ഊന്നിയായിരുന്നു യോഗം. 

ആരോപണങ്ങൾക്ക് വഴിയൊരുക്കരുക്കുന്ന വിധിത്തിലുള്ള പ്രവര്‍ത്തനങ്ങൾ ഒരു കാരണവശാലും ഉണ്ടാകരുത്. ആരോപണങ്ങളും ആക്ഷേപങ്ങളും വരാനിടയുള്ളത് മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുതലെടുക്കണം. ഇടപെടുന്നതിൽ ജാഗ്രത വേണം. തീരുമാനങ്ങൾ എടുക്കും മുമ്പ്‌  കൃത്യമായ കൂടിയാലോചന വേണം.  ദുരൂഹ വ്യക്തിത്വങ്ങളെ ഓഫീസിൽ നിന്ന് അകറ്റി നിർത്തണമെന്നും   തെരഞ്ഞെടുപ്പ് വരുന്നുവെന്ന ജാഗ്രതെ അനിവാര്യമാണെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള മുതിര്‍ന്ന നേതാക്കൾ ആണ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗത്തിൽ പങ്കെടുത്തത്.