Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്ത് ബോട്ടപകടത്തിൽ മരിച്ചവരുടെ വീടുകളിൽ മന്ത്രിമാരെത്തി; 10 ലക്ഷം ധനസഹായം നൽകും

അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹാർബറിലെ മണ്ണ് നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അത് കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ തന്നെ ചെയ്യുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി

Ministers Saji Cheriyan and Antony Raju visits Vizhinjam boat accident victims home
Author
Vizhinjam, First Published May 28, 2021, 6:50 PM IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിഴിഞ്ഞത് ബോട്ട് അപകടത്തിൽ മരിച്ചവരുടെ വീടുകൾ മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും സന്ദർശിച്ചു. മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകും. അടിയന്തര ധനസഹായമായി ഇരുപതിനായിരം രൂപ മന്ത്രിമാർ തന്നെ ഓരോ കുടുംബത്തിനും കൈമാറി. 

അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹാർബറിലെ മണ്ണ് നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അത് കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ തന്നെ ചെയ്യുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി. അടിഞ്ഞുകൂടിയ മണ്ണ് എങ്ങിനെ പൂർണമായും നീക്കം ചെയ്യുമെന്ന കാര്യത്തിൽ പഠനം നടത്തും. ഇതിന് പുറമെ മത്സ്യത്തൊഴിലാളികൾക്ക് ജീവൻ രക്ഷാ സംവിധാനങ്ങൾ കൈമാറുമെന്നും അത് തൊഴിലാളികൾ ഉപയോഗിക്കണമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

അപകടത്തിൽ മരിച്ച ശബരിയാറിന്റെ വീട്ടിലാണ് മന്ത്രിമാർ ആദ്യം എത്തിയത്. ഇവിടെ നിന്ന് പിന്നീട് മരിച്ച മറ്റുള്ളവരുടെ വീടുകളിലും ഇരുവരും സന്ദർശനം നടത്തി. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി സജി ചെറിയാൻ സന്ദർശനത്തിനിടെ പറഞ്ഞു.

ചൊവ്വാഴ്ച്ച വിഴിഞ്ഞത്തുണ്ടായ ബോട്ട് അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. പൂന്തുറ സ്വദേശി ജോസഫ്, വിഴിഞ്ഞം സ്വേദശി ശബരിയാര്‍, പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് നിന്നും കടലിൽ പോയി ചൊവ്വാഴ്ച മടങ്ങിയെത്തിയ വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടദിവസം തന്നെ 14 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഹാർബറിനടുത്തുള്ള  ചെറിയ കവാടത്തിലൂടെ തീരത്തടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മണൽത്തിട്ടയിലിടിച്ച് വള്ളങ്ങൾ മറിഞ്ഞത്. തുറമുഖ നിർമ്മാണത്തിനായി മാറ്റിയ മണ്ണാണ് ഹർബറിൽ ഇട്ടത്. 

സംഭവത്തിൽ സർക്കാരിന്റെ അനാസ്ഥയാണ് കാരണമെന്ന ആരോപണവുമായി ലത്തീൻ സഭ രംഗത്ത് വന്നിരുന്നു. ഹാര്‍ബറില്‍ അടിഞ്ഞ മണ്ണ് മാറ്റണമെന്ന ആവശ്യം പരി​ഗണിച്ചില്ലെന്നും  അതുനടപ്പാക്കാത്തത് കൊണ്ടാണ് മൂന്ന് ജീവനുകൾ നഷ്ടമായതെന്നും ലത്തിൻ സഭ സഹായമെത്രാൻ റവ. ക്രിസ്തുദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios