Asianet News MalayalamAsianet News Malayalam

'മന്ത്രിമാർ രാഷ്ട്രീയം കൂടി പറയണം'; മുഹമ്മദ് റിയാസ് പറഞ്ഞത് പാർട്ടി നിലപാടെന്ന് എം.വി ഗോവിന്ദൻ

പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്  പോയിന്‍റ് ബ്ളാങ്കില്‍ റിയാസിന്‍റെ  പരാമർശം. 

ministers should speks politics,reiterates MV Govindan
Author
First Published Jun 5, 2023, 10:23 AM IST

തിരുവനന്തപുരം: ഏഷ്യാനെററ് ന്യൂസിന്‍റെ പോയിന്‍റ് ബ്ളാങ്കിലെ മന്ത്രി മുഹമ്മദ് റിയാസിന്‍റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി  സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്. മന്ത്രിമാർ രാഷ്ട്രീയം കൂടി പറയണമെന്നാണ് റിയാസ് പറഞ്ഞത്. മന്ത്രിമാർ രാഷ്ട്രീയം പറയണമെന്നത് സി പി എം നിലപാടാണ്.- അത് തന്നെയാണ് റിയാസും പറഞ്ഞത്.മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ മന്ത്രിമാർ ശരിയായിത്തന്നെ പ്രതിരോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു റിയാസിന്‍റെ  പരാമർശം.

രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം  പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പ്രവർത്തനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു റിയാസിന്‍റെ  പ്രതിച്ഛായ പരാമർശം. മന്ത്രിമാർക്ക് അഭിപ്രായപ്രകടനത്തിന് എന്തെങ്കിലും നിയന്ത്രണം ഉണ്ടോ? വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ  പ്രതിരോധിക്കുന്നതിൽ മന്ത്രിമാർ മടി കാട്ടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കായിരുന്നു റിയാസ് വിശദമായ മറുപടി നൽകിയത്.  മന്ത്രിമാർ എല്ലാവരും സർക്കാർ നിലപാട് ശക്തമായി അവതരിപ്പിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയ റിയാസ് തുടർന്ന് മന്ത്രിമാർ രാഷ്ട്രീയം പറയേണ്ടതിന്‍റെ പ്രാധാന്യത്തെ  കുറിച്ചാണ് ഓർമ്മിപ്പിച്ചത്.

 നേരത്തെ കോടിയേരി സെക്രട്ടറിയായിരിക്കുന്ന ഘട്ടത്തിലും പിന്നീട് എം വി ഗോവിന്ദൻ സെക്രട്ടറി ആയപ്പോഴും നൽകിയ നിർദ്ദേശം മന്ത്രിമാർ രാഷ്ട്രീയം സംസാരിക്കണം എന്നാണ്. കൈകാര്യം ചെയ്യുന്ന വകുപ്പിനെ കുറിച്ച് മാത്രമല്ല പൊതു വിഷയങ്ങളെക്കുറിച്ചും വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചും സർക്കാരിനെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും മന്ത്രിമാർ അഭിപ്രായം പറയണം എന്നാണ് പാർട്ടി നിർദ്ദേശമെന്ന് റിയാസ് വ്യക്തമാക്കി. സമീപകാലത്ത് ഉയർന്ന പല വിവാദങ്ങളും മുഖ്യമന്ത്രിയയും കുടുംബത്തെയും കേന്ദ്രീകരിച്ച് ആവുകയും എന്നാൽ ഈ വിഷയങ്ങളിൽ നിലപാട് വിശദീകരിക്കാൻ ഏറെ പേരൊന്നും രംഗത്ത് വരാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റിയാസിന്റെ ഈ പ്രതികരണം.

ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് സ്പ്രിംഗ്ലൂർ വിവാദം കത്തി നിന്നപ്പോൾ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ തോമസ് ഐസക്ക് എ കെ ബാലൻ എംഎം മണി തുടങ്ങി മന്ത്രിസഭയിലെ ഒട്ടുമിക്ക അംഗങ്ങളും രംഗത്തിറങ്ങുന്നതായിരുന്നു കാഴ്ച . മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ കെ കെ ശൈലജ തുടങ്ങിയവർ വിവിധ വിവാദങ്ങളിൽ പെട്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇവർക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തിക്കുകയും ചെയ്തു. എന്നാൽ എഐ ക്യാമറ വിവാദം സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയപ്പോഴും വ്യവസായ മന്ത്രി പി രാജീവ് ഒഴികെ മറ്റാരും തന്നെ കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. ഘടകകക്ഷി മന്ത്രിമാരും ഈ വിഷയത്തിൽ മൗനം പാലിച്ചു.

അതേസമയം ഒരു കോടി രൂപയുമായി പാലക്കാട് വില്ലേജ് അസിസ്റ്റൻറ് പിടിയിലായ സംഭവത്തിൽ ഈ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാനും വകുപ്പിനെ പിന്തുണയ്ക്കാനും മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു. എ ഐ ക്യാമറ ഇടപാടിന്റെ ലാഭമത്രയും മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണ് പോകുന്നത് എന്ന് പ്രതിപക്ഷം ആരോപണം കടുപ്പിച്ചിട്ടും ഈ വിഷയത്തിൽ സർക്കാർ നിലപാട് ഫലപ്രദമായി പൊതുസമൂഹത്തെ അറിയിക്കാൻ മന്ത്രിമാർക്കോ പാർട്ടി സംവിധാനങ്ങൾക്കോ കഴിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ കുടുംബത്തിൻറെ വികാരം കൂടിയാണ് പരോക്ഷമായെങ്കിലും പുറത്തുവരുന്നത്. മുഖ്യമന്ത്രിയെ പിന്തുണച്ചാൽ പിന്തുണയ്ക്കുന്നവർ ഫാൻസ് അസോസിയേഷൻ ആകുമെന്ന ആശങ്ക വേണ്ടെന്നും  മുഹമ്മദ റിയാസ് ഓർമ്മപ്പെടുത്തി. റിയാസിന്റെ പരാമർശം പാർട്ടി നേതൃത്വത്തിലും സിപിഎം ഗ്രൂപ്പുകളിലും സജീവ ചർച്ചയാണ്.

Follow Us:
Download App:
  • android
  • ios