പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ രണ്ടാനച്ഛന്‍റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഇന്നലെയാണ് ബാലിക കൊല്ലപ്പെട്ടത്. രണ്ടാനച്ഛൻ പൊലീസ് കസ്റ്റഡിയിലാണ്. 

കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായി പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് കുട്ടിക്കെതിരെ അതിക്രമം നടന്നത്. സമീപത്തെ വീടുകളിൽ ജോലിക്ക് പോകുന്ന അമ്മ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. അയൽവാസികളെ വിവരമറിയിച്ചതിനെ തുടർന്ന് കുഞ്ഞിനെ ജനറൽ ആശുപത്രയിലെത്തിച്ചു. പക്ഷേ ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയെ നിരന്തരമായി രണ്ടാനച്ഛന്‍ മർദ്ധിക്കുമെന്നാണ് അമ്മ പൊലീസിന് മൊഴി നൽകി. കുട്ടിയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. തീപൊള്ളലേറ്റ പാടുകളും ദേഹത്തുണ്ട്. 

അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിൽ നിന്നും ഇയാൾ രാത്രിയില്‍ രക്ഷപ്പെട്ടെങ്കിലും ഇന്ന് രാവിലെയോടെ വീണ്ടും പിടിയിലായി. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും പൊലീസ് കഞ്ചാവും കണ്ടെടുത്തിരുന്നു.