Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷ ക്ഷേമ വിവാദം: സാമുദായിക മൈത്രി തകർക്കാതെ പരിഹരിക്കണമെന്ന് വിഡി സതീശൻ

സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Minority scholarship issue should be solved without hurting religious sentiment says VD Satheesan
Author
Thiruvananthapuram, First Published Jun 4, 2021, 6:02 PM IST

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി ആവിഷ്കരിക്കുമ്പോൾ നിലവിലെ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഒരു കുറവും ഇല്ലാത്ത വിധത്തിലായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു തരത്തിലും സാമുദായിക സന്തുലനം നഷ്ടമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഈ വിഷയം കേരളത്തിലെ സാമുദായിക മൈത്രിക് പ്രശ്നമുണ്ടാകാതെ പരിഹരിക്കണം. നിലവിൽ ആനുകൂല്യം ലഭിക്കുന്ന വർക്ക് ഒരു കുറവും ഉണ്ടാകരുത്. അർഹരായ സമുദായങ്ങൾക്ക് സംവരണ ആനുകൂല്യം ലഭിക്കണം. അതിനായി പുതിയ പദ്ധതി തയ്യാറാക്കി നിയമ പരിശോധന നടത്തണം. സമുദായ നേതാക്കളുമായി ചർച്ച നടത്തണം. ന്യൂനപക്ഷ വിജ്ഞാപനത്തിൽ പറയുന്ന സമുദായങ്ങൾക്ക് ആനുകൂല്യം ലഭ്യമാക്കണം.'

'സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലീം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഗണിക്കുന്നതിനാണ് പാലൊളി കമ്മിഷനെ രൂപീകരിച്ചത്. മുസ്ലിം സമുദായത്തിന് വേണ്ടിയുള്ളതായിരുന്നു പദ്ധതി. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാനുള്ള ഒരു കരട് നിർദ്ദേശവും സർക്കാർ യോഗത്തിൽ പറഞ്ഞില്ല. സിപിഎമ്മോ, സിപിഐയോ വ്യക്തമായ ഒരു അഭിപ്രായം പറഞ്ഞില്ല. ഇടതുപക്ഷത്തെ ഒരു പാർട്ടിയും നിലപാട് വ്യക്തമാക്കിയില്ല. എന്നാൽ യുഡിഎഫിന് ഇതിൽ വ്യക്തതയും ഐക്യവുമുണ്ട്.' ഒരു രാഷ്ടീയ മുതലെടുപ്പിനും തങ്ങളില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios