Asianet News MalayalamAsianet News Malayalam

ക്രിസ്മസ് കേക്കുമായെത്തിയ മന്ത്രിമാരെ പരാതി അറിയിച്ച് ഗവര്‍ണര്‍; നിയമസഭ ചേരുമോ?

ഉടക്കിനിൽക്കുന്ന ഗവർണ്ണറെ തണുപ്പിക്കാൻ ക്രിസ്മസ് കേക്കുമായാണ് മന്ത്രിമാരായ എകെ ബാലനും വിഎസ് സുനിൽകുമാറും രാജ്ഭവനിലെത്തിയത്. 

minsters met governor in rajbhavan
Author
Thiruvananthapuram, First Published Dec 25, 2020, 4:34 PM IST

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നൽകുന്നതിൽ വ്യക്തമായ നിലപാട് പറയാതെ ഗവർണ്ണർ. അനുനയത്തിനായി രാജ്ഭവനിലെത്തിയ മന്ത്രിമാർക്ക് മുന്നിൽ സർക്കാർ നടപടികളിലെ അതൃപ്തി ഗവർണ്ണർ അറിയിച്ചു. അതേ സമയം സഭ ചേരേണ്ട അടിയന്തിര സാഹചര്യം ബോധ്യപ്പെടുത്താനായെന്നും അനുമതി കിട്ടുമെന്നും ഗവർണ്ണറെ സന്ദർശിച്ച നിയമമന്ത്രിയും കൃഷിമന്ത്രിയും അറിയിച്ചു.

ഉടക്കിനിൽക്കുന്ന ഗവർണ്ണറെ തണുപ്പിക്കാൻ ക്രിസ്മസ് കേക്കുമായാണ് മന്ത്രിമാരായ എകെ ബാലനും വിഎസ് സുനിൽകുമാറും രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു അനുനയ ദൗത്യം. ഏറ്റുമുട്ടലിനില്ലെന്ന് വിശദീകരിച്ച ഗവർണ്ണർ പക്ഷെ ഇതുവരെയുള്ള സർക്കാറിൻ്റെ പല നടപടികളിലുമുള്ള അതൃപ്തി മന്ത്രിമാരെ നേരിട്ടറിയിച്ചു. ജനുവരി എട്ടിന് ആദ്യം നിയമസഭ സമ്മേളനത്തിന് അനുമതി തേടിയതിന് പിന്നാലെ പ്രത്യേക സമ്മേളനം വിളിച്ച രീതി ശരിയായില്ല. 

രണ്ട് തവണ ആവശ്യപ്പെട്ടിട്ടും അടിയന്തര സാഹചര്യം സർക്കാറിന് വിശദീകരിക്കാനായില്ല, പൊലീസ് നിയമഭേദഗതി - തദ്ദേശ വാർഡ് വിഭജന ഓർഡിനൻസുകളിൽ ഒപ്പിട്ട ശേഷമുള്ള സര്‍ക്കാരിൻ്റെ നിലപാട് മാറ്റവും ഗവർണ്ണർ ഓർമ്മിപ്പിച്ചു. പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിക്കും മുമ്പ് തന്നെ അറിയിച്ചില്ലെന്നും ഗവർണ്ണര്‍ പരാതിപ്പെട്ടു. അതേ സമയം ദില്ലിയിൽ കർഷക സമരം ഒരുമാസം പിന്നിട്ടെന്നും പ്രശ്നം കേേരളത്തിലെ കർഷകരെ അടക്കം ബാധിക്കുന്നതാണെന്നും മന്ത്രിമാർ വിശദീകരിച്ചു. പുുതിയ ശുപാർശയിൽ സാഹചര്യം വിശദമാക്കിയതായും മന്ത്രിമാർ അറിയിച്ചു

മന്ത്രിമാർ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചതിനാൽ ഗവർണ്ണർ സഭാസമ്മേളനത്തിന് അനുമതി നൽകുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.  രാജ്ഭവനിൽ അനുനയ ലൈൻ എടുത്ത എകെ ബാലൻ ദേശാഭിമാനി ലേഖനത്തിൽ ഗവർണ്ണറെ രൂക്ഷമായി വിമർശിച്ചു. ഗവർണ്ണർ പറയുന്ന കാര്യങ്ങൾ പിറ്റേദിവസം ആർഎസ്എസ് ഏറ്റെടുക്കുന്നുവെന്നാണ് കുറ്റപ്പെടുത്തൽ. ഗവർണ്ണർ ആർഎസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന് സിപിഐ മുഖപത്രത്തിൻറെ വിമർശനം. എന്നാൽ ഗവർണ്ണറെ പിന്തുണച്ച് സർക്കാറിനെതിരായ വിമർശനം ബിജെപി തുടരുകയാണ്. 

Follow Us:
Download App:
  • android
  • ios