Asianet News MalayalamAsianet News Malayalam

മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; സുരേഷ് ഗോപിക്കെതിരെ ഫ്ലാഷ് മോബും കോലം കത്തിക്കലുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരത്ത് ഫ്ലാഷ് മോബ് നടത്തി സര്‍ഗാത്മക പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ സുരേഷ് ഗോപിയുടെ കോലം കത്തിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം

Misbehavior with journalist; protest against suresh gopi,  flash mob and effigy burnt by dyfi
Author
First Published Oct 28, 2023, 6:53 PM IST

തിരുവനന്തപുരം/തൃശ്ശൂര്‍: മാധ്യമപ്രവര്‍ത്തകയോടുള്ള സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്ഐ. മാധ്യമപ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സര്‍ഗാത്മക പ്രതിഷേധം നടത്തി. സുരേഷ് ഗോപിയുടെ ചിത്രമടങ്ങിയ മുഖംമൂടി തലകീഴായി അണിഞ്ഞുകൊണ്ടും വഷളന്‍ എന്ന പോസ്റ്റര്‍ അണിഞ്ഞും ഫ്ലാഷ് മോബ് സംഘടിപ്പിച്ചാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. തൃശ്ശൂരിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവതികളുടെ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. തൃശൂർ കോർപ്പറേഷനു മുന്നിൽ ചേർന്ന പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം സുകന്യ ബൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി.ആർ കാർത്തിക അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധക്കാർ സുരേഷ് ഗോപിയുടെ കോലം കത്തിച്ചു. നേരത്തെ ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ല കമ്മിറ്രി പോസ്റ്റര്‍ പ്രതിഷേധവുമായും രംഗത്തെത്തിയിരുന്നു. ജില്ലാ സെക്രട്ടറി ശരത് പ്രസാദ്, വൈസ് പ്രസിഡന്‍റ് കാര്‍ത്തിക എന്നിവരുടെ നേതൃത്വത്തിലാണ് നഗരത്തിലെ എംജി റോഡില്‍ പോസ്റ്റര്‍ പതിച്ച് പ്രതിഷേധിച്ചത്. സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം, സുരേഷ് ഗോപിയുടെ തനിനിറം തിരിച്ചറിയുക തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങള്‍. 

അതേസമയം, മാധ്യമപ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ  കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ ചുമലിൽ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലിൽ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു.  സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. താന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചിട്ടുമുണ്ട്.

മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം: സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ്, കേസെടുത്ത് പൊലീസ്

 

Follow Us:
Download App:
  • android
  • ios