ബസ് നിയന്ത്രണം വിടുന്ന രീതിയിലായിരുന്നു അഭ്യാസമെന്ന് ഡ്രൈവർ പറയുന്നു. വൻ ദുരന്തം ഒഴിവായെന്നായിരുന്നു യാത്രക്കാരുടെ പ്രതികരണം. ബസിലെ സ്ത്രീ യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും ഉണ്ടായി.


തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC) ബസിന് മുന്നില്‍ ബൈക്കുകളുടെ സാഹസിക പ്രകടനം. തൊട്ടിൽപാലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിന്റെ മുന്നിലായിരുന്നു അപകടകരമായ രീതിയിൽ മൂന്ന് ബൈക്കുകളുടെ സാഹസിക പ്രകടനം. പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെ ഇവർ ബസ്സിന് മുന്നിലൂടെ ബൈക്ക് ഓടിച്ചു. ഇന്നലെ രാത്രി ഒരു മണിക്കായിരുന്നു സംഭവം. അഭ്യാസപ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. വന്‍ ദുരന്തം സംഭവിക്കേണ്ടതായിരുന്നു എന്ന് ഡ്രൈവറും യാത്രക്കാരും പറഞ്ഞു. 

ബസ് നിയന്ത്രണം വിടുന്ന രീതിയിലായിരുന്നു അഭ്യാസമെന്ന് ഡ്രൈവർ പറയുന്നു. വൻ ദുരന്തം ഒഴിവായെന്നായിരുന്നു യാത്രക്കാരുടെ പ്രതികരണം. 
ബസിലെ സ്ത്രീ യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും ഉണ്ടായി. മൂന്ന് ബൈക്കുകളിലായി ഏഴുപേരാണ് ഉണ്ടായിരുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. ബൈക്ക് യാത്രികർ കല്ലുകൊണ്ട് ബസ്സിന്‍റെ സൈഡില്‍ ഇടിച്ചെന്ന് ബസിലുണ്ടായിരുന്നവ‌ർ പറയുന്നു. 

രണ്ട് മണിക്കൂര്‍ വൈകിയാണ് ബസ്സ് ഓടിയിരുന്നത്. കുന്നംകുളം പോലീസില്‍ രാത്രി തന്നെ വിവരം അറിയിച്ചിരുന്നു. ഇന്ന് തിരിച്ചുപോകുമ്പോള്‍ പരാതി കൊടുക്കുമെന്ന് ഡ്രൈവര്‍ ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.