കേരളത്തിലെ കോൺ​ഗ്രസിന് ജീവൻ നൽകിയ നേതാവാണ് കെ കരുണാകരനെന്നും എന്നും വർ​ഗീയ ശക്തികൾക്കെതിരെ പോരാട്ടം നടത്തിയ നേതാവാണ് അദ്ദേഹമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കോൺ​ഗ്രസിന് ജീവൻ നൽകിയ നേതാവാണ് കെ കരുണാകരനെന്നും എന്നും വർ​ഗീയ ശക്തികൾക്കെതിരെ പോരാട്ടം നടത്തിയ നേതാവാണ് അദ്ദേഹമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ മകൾക്ക് എല്ലാ അവസരങ്ങളും പാർട്ടി നൽകിയെന്ന് വിശദമാക്കിയ രമേശ് ചെന്നിത്തല പത്മജ ബിജെപി യിൽ പോകുന്നത് ദൗർഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടു. പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും പത്മജ കോൺഗ്രസിനോട് ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റുകഴിഞ്ഞിട്ട് കുറ്റം പറയുന്നതിൽ കാര്യമില്ല. കേരളത്തിലെ ജനങ്ങൾ ഇത് അംഗീകരിക്കില്ല. പാർട്ടി ഉള്ളപ്പോൾ മാത്രമാണ് പാർട്ടിക്കാർ കൂടെ നിൽക്കുക. കോൺഗ്രസ്‌ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വടകരയിലെ മുരളീധരന്റെ സ്ഥാനാർഥിത്വത്തെ ഇത് ബാധിക്കില്ലെന്നും ഇക്കാര്യം മുരളീധരൻ തന്നെ വ്യക്തമാകിയിട്ടുണ്ടെന്നും ചെന്നിത്തല വിശദമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്