മറവിരോഗമുള്ള ലീലയെ മൂന്ന് ദിവസമായി സര്‍വ സന്നാഹിത്തിൽ തെരയുകയായിരുന്നു
കല്‍പ്പറ്റ: വനത്തിനുള്ളിൽ കാണാതായ വയോധികയെ കണ്ടെത്തി. മനന്തവാടി പിലാക്കാവ്, മണിയൻകുന്ന് ഊന്ന് കല്ലിങ്കൽ ലീലയെയാണ് വനമേഖലയിൽ നിന്നും ആർആർടി സംഘം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ആണ് ലീലയെ കാണാതായത്. മറവിരോഗമുള്ള ലീലക്കായി വലിയ തെരച്ചിൽ നടന്നിരുന്നു. ഉൾ വനത്തിലായിരുന്നു ലീലയെ കണ്ടെത്തിയത്. അര്‍ധനഗ്നയായ ലീലയെ കണ്ടയുടൻ ആര്‍ആര്‍ടി സംഘം ലീലയ്ക്ക് തോര്‍ത്ത് മുണ്ട് നൽകി. വിശന്ന് വലഞ്ഞിരിക്കുന്ന അവര്‍ക്ക് വെള്ളവും പഴവും നൽകി.
ലീലയ്ക്കായി വനംവകുപ്പിന്റെയും പൊലീസിന്റെയും ഊര്‍ജ്ജിത തെരച്ചിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. വനമേഖലയില്‍ തെരച്ചില്‍ നടത്തി പരിചയിച്ച തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും വനംവകുപ്പും പൊലീസും ഒപ്പം നാട്ടുകാരും ചേര്‍ന്നാണ് മണിയന്‍ക്കുന്ന് ഊന്നുകല്ലില്‍ കുമാരന്റെ ഭാര്യ ലീലക്കായി തെരച്ചില്‍ നടത്തിയത്. മൂന്ന് ദിവസം മുമ്പാണ് ലീലയെ കാണാതാവുന്നത്.
വര്‍ഷങ്ങള്‍ മുമ്പ് കടുവ സ്ത്രീയ കൊലപ്പെടുത്തിയ പഞ്ചാരക്കൊല്ലിയുടെ സമീപപ്രദേശത്തെ വനമേഖലയിലായിരുന്നു ലീലയെ കാണാതായത്. വന്യമൃഗ സാന്നിധ്യം ഏറെയുള്ള ഈ പ്രദേശത്ത് ഇവര്‍ ഊന്നുവടിയുമായി വനത്തിലേക്ക് കയറിപോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളില്‍ പതിഞ്ഞിരുന്നു. വന്യമൃഗങ്ങള്‍ ഏറെയുള്ള വനംപ്രദേശത്തേക്ക് ലീല കയറി പോയതെന്നതിനാല്‍ ആശങ്കയിലായിരുന്നു വനംവകുപ്പും നാട്ടുകാരും ഡ്രോണുകളുടെ സഹായത്തോടെയും തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ കാല്‍നടയായി ഉള്‍ക്കാട്ടിലേക്ക് എത്തിയുമെല്ലാം വിശദമായി പരിശോധന നടത്തി.


