മലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്നും കാണാതായ സ്വർണം കവർന്നത് മുൻ എസ്എച്ച്ഒ ആണെന്ന് അന്വേഷണ റിപ്പോർട്ട്‌

മലപ്പുറം: മലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്നും കാണാതായ സ്വർണം കവർന്നത് മുൻ എസ്എച്ച്ഒ ആണെന്ന് അന്വേഷണ റിപ്പോർട്ട്‌. നിലവിൽ സസ്‌പെൻഷനിലുള്ള എസ്എച്ച്ഒ മറ്റാരും അറിയാതെ സ്വർണം കൈക്കലാക്കുകയായിരുന്നുവെന്നാണ് കൊണ്ടോട്ടി എഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിലുള്ളത്. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഇയാൾ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണം. 2018 മുതൽ പല തവണയായി നാട്ടുകാർക്ക് കളഞ്ഞു കിട്ടിയ എട്ടു പവനിലധികം സ്വർണമാണ് കരിപ്പൂർ സ്റ്റേഷനിൽ നിന്നും നഷ്ടമായത്. ഉടമകൾക്ക് നൽകാനായി നാട്ടുകാർ കൈമാറിയതായിരുന്നു സ്വർണം. എസ്പിയുടെ നിർദേശ പ്രകാരം കൊണ്ടോട്ടി എഎസ്പി നടത്തിയ അന്വേഷണത്തിലാണ് സ്വർണം കൊണ്ടു പോയത് മുമ്പ് കരിപ്പൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന ഇൻസ്‌പെക്ടർ ആണെന്ന് വ്യക്തമായത്. സ്റ്റേഷൻ ഹൌസ് ഓഫീസർ ആയ ഇയാൾ സ്വർണം മറ്റാരും അറിയാതെ കൊണ്ടു പോകുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറ്റൊരു ആരോപണവുമായി ബന്ധപ്പെട്ട് സസ്‌പെൻഷിനിലുള്ള ഇയാൾ സ്വർണം തിരികെ നൽകി തടിയൂരാനും ശ്രമിച്ചു. അബദ്ധത്തിൽ സ്വർണം കൈയിലായി പോയതാണെന്നും നടപടി ഒഴിവാക്കണമെന്നും ഇയാൾ ഉന്നത ഉദ്യോഗസ്ഥരോട് അഭ്യർത്തിച്ചതായാണ് വിവരം. എഎസ്പി യുടെ അന്വേഷണ റിപ്പോർട്ട്‌ എസ് പി ഡിഐജി മുഖേന ഐജിക്കു കൈമാറിയിട്ടുണ്ട്. വൈകാതെ തുടർനടപടി ഉണ്ടാകുമെന്നാണ് സൂചന. 

ഈ സംഭവത്തിൽ ഉൾപ്പെടെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് കരിപ്പൂർ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി. ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കരിപ്പൂർ സ്റ്റേഷനിലെ മൂന്നു ഉദ്യോഗസ്ഥർക്ക് എതിരെ നേരത്തെ എസ്പി നടപടി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെ സ്റ്റേഷനിലെ മോഷണത്തിനു പിന്നിലും പോലീസ് ഉദ്യോഗസ്ഥനാണെന്ന വിവരം പുറത്തു വന്നത് സേനക്ക് നാണക്കേടായിരിക്കുകയാണ്.

YouTube video player