നിലമ്പൂര്‍: കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടായി രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനം തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയുടെ 20 അംഗ ടീം കവളപ്പാറയിൽ എത്തി രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. പൊലീസും ഒപ്പമുണ്ട്. കരസേനയുടെ എഞ്ചിനീയറിംഗ്‌ വിംഗിലെ 50 അംഗങ്ങൾ നിലമ്പൂരിൽ നിന്ന് കവളപ്പാറയിലെ ദുരന്ത ഭൂമിയിലേക്ക്‌ തിരിച്ചിട്ടുണ്ടെന്നും പി വി അന്‍വര്‍ എംഎല്‍എ അറിയിച്ചു.

നാട്ടുകാരുടെ നിഗമനപ്രകാരം കാണാതായ 57 പേരുടെ ലിസ്റ്റ്‌ തയ്യാറാക്കിയിട്ടുണ്ട്‌. ഇക്കൂട്ടത്തിലെ 10 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നാട്ടുകാരും എം സ്വരാജ്‌ എംഎൽഎയും താനും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ കവളപ്പാറയിൽ ക്യാമ്പ്‌ ചെയ്യുന്നുണ്ടെന്നും പി അന്‍വര്‍ എംഎല്‍എ അറിയിച്ചു.

മുപ്പതോളം വീടുകൾ മണ്ണിനടിയിലാണ്. ഒരു പ്രദേശമാകെ ഉരുൾപ്പൊട്ടലിൽ തകര്‍ന്ന് പോയ അവസ്ഥയാണ് കവളപ്പാറയിൽ ഉള്ളത്. ഇരുനില വീടുകൾ പോലും പുറത്ത് കാണാനാകാത്ത വിധം കല്ലും മണ്ണും വന്ന് മൂടിയിരിക്കുകയാണ്. ഒറു കിലോമീറ്ററോളം പൂര്‍ണ്ണമായും മണ്ണിനടിയിലായിരിക്കുകയാണ്.