Asianet News MalayalamAsianet News Malayalam

കുടുങ്ങുമോ പിടി സെവൻ: ധോണിയെ വിറപ്പിക്കുന്ന കൊമ്പനെ പിടികൂടാൻ ദൗത്യസംഘമിറങ്ങി

രണ്ട് സംഘമായി തിരിഞ്ഞാണ് ദൗത്യസംഘം ആനയെ പിടികൂടാൻ ഇറങ്ങിയിരിക്കുന്നത്. ആദ്യസംഘം ആനയെ ട്രാക്ക് ചെയ്യുകയും ഇപ്പോൾ നിൽക്കുന്ന സ്ഥലം മയക്കുവെടിവയ്ക്കാൻ പറ്റിയതാണോ എന്നും പരിശോധിക്കും.

Mission to Catch tusker seven
Author
First Published Jan 21, 2023, 6:52 AM IST

പാലക്കാട്: പാലക്കാട് ധോണി മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്ന പിടി സെവൻ കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിന് ആരംഭം. പുലര്‍ച്ചെ അഞ്ച് മണിയോടെ ദൗത്യസംഘം ദൗത്യത്തിനായി സജ്ജരായെങ്കിലും ആറേകാലോടെയാണ് ഇവര്‍ വനത്തിലേക്ക് പ്രവേശിച്ചത്. ധോണി കോര്‍മയ്ക്ക് അടുത്ത് അരിമണി ഭാഗത്ത് ആനയെ കണ്ടെത്തിയതോടെയാണ് ദൗത്യം ആരംഭിച്ചത്. രണ്ട് സംഘമായി തിരിഞ്ഞാണ് ദൗത്യസംഘം ദൗത്യത്തിന് ഇറങ്ങിയിരിക്കുന്നത്. ആദ്യസംഘം ആനയെ ട്രാക്ക് ചെയ്യുകയും ആന ഇപ്പോൾ നിൽക്കുന്ന സ്ഥലം മയക്കുവെടിവയ്ക്കാൻ പറ്റിയതാണോ എന്നും പരിശോധിക്കും. ഉൾക്കാടിലോ ജനവാസമേഖലയിലോ വച്ച് ആനയെ വെടിവയ്ക്കില്ല. വനാതിര്‍ത്തിയിൽ ആന പ്രവേശിച്ചാൽ ഉടൻ വെടിവയ്ക്കാനാണ് സംഘത്തിൻ്റെ നീക്കം. മയക്കുവെടി വയ്ക്കാൻ ഡോ.അരുണ്‍ സക്കറിയയും ഫോറസ്റ്റ് സ്റ്റേഷനിൽ സജ്ജനായി കഴിഞ്ഞു. 

കാട്ടിൽ നിന്നും ആന പുറത്തേക്ക് ഇറങ്ങിയാൽ ഉടൻ രണ്ടാം സംഘത്തെ രംഗത്തിറക്കി മയക്കുവെടി വയ്ക്കാനാണ് നീക്കം. കുങ്കിയാനകളെ ഇറക്കാതെ തന്നെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. മയക്കുവെടിയേറ്റ ശേഷം 45 മിനിറ്റ് കൊണ്ടു മാത്രമേ ആന മയങ്ങൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.  ഇത്രസമയം കൊണ്ട് ഏഴര കിലോമീറ്റര്‍ വരെ  ആനകൾ ഓടിയ ചരിത്രമുണ്ട്. അതിനാൽ ആന ജനവാസമേഖലയിലേക്കോ മറ്റോ നീങ്ങുന്ന പക്ഷം കുങ്കിയാനകളെ ഇറക്കി കൊമ്പനെ നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ് വനംവകുപ്പിൻ്റെ തന്ത്രം. ധോണി ഫോറസ്റ്റ് സ്റ്റേഷനോട് ചേര്‍ന്നുള്ള സ്ഥലമാണ് പുലര്‍ച്ചെ ആനയെ കണ്ടെത്തിയ അരിമണി പ്രദേശം. പൂര്‍ണമായും ജനവാസമേഖലയല്ല എങ്കിലും വ്യാപകമായി കൃഷി നടക്കുന്ന സ്ഥമാണിത്. ആദ്യസംഘത്തിൻ്റെ നിര്‍ദേശത്തിനായി നിലവിൽ രണ്ടാം സംഘം ഫോറസ്റ്റ് സ്റ്റേഷനിൽ കാത്തിരിക്കുകയാണ്. ദൗത്യം തുടങ്ങിയാൽ അഞ്ച് സംഘമായി പിരിഞ്ഞാവും ഇവരുടെ ബാക്കി നീക്കം.
 

  • ആരാണ് കൊമ്പൻ പിടി സെവൻ

നാലു വർഷമായി പാലക്കാട്ടെ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുക്കൊമ്പനാണ് പിടി സെവൻ. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്ക് ഇറങ്ങിയ ആളെ ചവിട്ടിക്കൊന്നതോടെയാണ് ഈ ആന കുപ്രസിദ്ധനാവുന്നത്. മായാപുരം സ്വദേശി ശിവരാമൻ ആണ് അന്ന് കൊല്ലപ്പെട്ടത്. 2022 നവംബർ മുതലാണ് ഇടവേളകളില്ലാതെ കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങിയത്.

ധോണി, മായാപുരം, മുണ്ടൂർ,  അകത്തേത്തറ, മലമ്പുഴ മേഖലകളിൽ പിടി സെവൻ എത്താറുണ്ട്. വിത്തിട്ട പാടം കതിര് അണിഞ്ഞാൽ കാട് ഇറങ്ങുന്നതാണ് പിടി സെവൻ്റെ പതിവ്. ഇടയ്ക്ക് രണ്ട് മൂന്ന് കൂട്ടുകാരേയും ഒപ്പം കൂട്ടിയാവും വരവ്. എന്നാൽ മിക്കപ്പോഴും തനിച്ചാണ് ഗുണ്ടായിസം. രാത്രിയിൽ ഇരുട്ടിൻ്റെ മറപറ്റി നടക്കുന്ന ഈ കൊമ്പന് ധോണി മേഖലയിലെ ഇടവഴികൾ നാട്ടുകാരനെ പോലെ സുപരിചിതമാണ്. മതിലുകളും വേലികളും തകർത്താണ് സ്വൈര്യ വിഹാരം.

  • മിഷൻ പിടി സെവൻ

ജനരോഷം ശക്തമായതോടെയാണ് ഡിസംബറിൽ പിടി സെവനെ പിടികൂടാൻ വനംവകുപ്പ് പദ്ധതിയിട്ടത്. എന്നാൽ മുഖ്യവനപാലകൻ ഇതിനുള്ള ഉത്തരവ് ഇടാൻ വൈകി. വലിയ പ്രതിഷേധത്തിന് ശേഷമാണ് അനുമതി നൽകിയത്.

  • ദൗത്യസംഘം 

വയനാട്ടിൽ നിന്നുള്ള 26 അംഗ ദൗത്യസംഘത്തിൽ ചീഫ് വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയ ഭാഗമാണ്. മൂന്ന് കുംകി ആനകളും ദൗത്യത്തിൻ്റെ ഭാഗമാണ് വിക്രം, ഭരത്, സുരേന്ദ്രൻ എന്നീ കുംകിയാനകൾ മയക്കുവെടിയേറ്റ കൊമ്പനെ കുടുക്കി കൂട്ടിലേക്ക് എത്തിക്കും.  

  • ഒരുങ്ങിയത് വമ്പൻ കൂട്. 

140 യൂക്കാലിപ്സ് മരം കൊണ്ടുള്ള കൂടാണ് കൊമ്പനെ പാർപ്പിക്കാൻ ഒരുക്കിയിരിക്കുന്നത്. ആറടി ആഴത്തിൽ കുഴിയെടുത്താണ് കൂടിന് തൂണ് പാകിയത്. മണ്ണിട്ടും വെള്ളമൊഴിച്ചും മരം ഉറപ്പിച്ചു. ആന കൂട് തകർക്കാൻ ശ്രമിച്ചാലും പൊട്ടില്ല. യൂക്കാലിപ്സ് ആയതിനാൽ ചതവേ വരൂ. നാലുവർഷം വരെ കൂട് ഉപയോഗിക്കാം. കൂടിൻ്റെ ഫിറ്റ്നസ് ഉറപ്പാക്കിയ ശേഷമാണ് ദൗത്യം തുടങ്ങിയത്. ആനക്കൂട്ടിലേക്കുള്ള  കൊമ്പനെ കേറ്റാനുള്ള റാമ്പും പൂർത്തിയാക്കി. 

  • വെല്ലുവിളി

മയക്കുവെടിവച്ചാൽ ആന ഓടിയേക്കും. 45 മിനുറ്റ് നേരം എങ്കിലും മയങ്ങാൻ എടുക്കും. ധോണിയിലെ ഭൂപ്രകൃതിയും പ്രതിസന്ധി സൃഷ്ടിക്കുന്നു. 
കടുപ്പക്കാരനായ പിടി സെവൻ്റെ സ്വഭാവവും ശ്രദ്ധിക്കണം. ഒരു വെടിയിൽ മയങ്ങിയില്ലെങ്കിൽ ബൂസ്റ്റർ ഡോസ് നൽകാനാണ് തീരുമാനം.

  • എങ്ങനെ ഷൂട്ട് ചെയ്യും

രണ്ടുതരം ഷൂട്ടിങ് പ്ലാനാണ് ഡോ.അരുൺ സക്കറിയ ഒരുക്കിയത്

  • 1. സർപ്രൈസ് ഷൂട്ടിങ്. -

ആന പോലും അറിയാതെ മയക്കുവെടി വയ്ക്കുക. അങ്ങനെയങ്കിൽ ആന ഓടാനും അപായമുണ്ടാക്കാനും സാധ്യത കുറവ്. ദൗത്യസംഘത്തിലുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാം. ആന ആക്രമിക്കുന്നതും തടയാനാകും. 

  • 2. ചേസിങ് ആൻഡ് ഷൂട്ടിങ് 

ദൗത്യസംഘത്തിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ആന സ്ഥലം മാറിയേക്കാം. അപ്പോൾ വേണമെങ്കിൽ കുംകിയെ ഉപയോഗിച്ച് ചേസ് ചെയ്ത് വെടിവയ്ക്കും. ആന ആക്രമിക്കാൻ വന്നാൽ കുംകികളെ ഉപയോഗിച്ച് പ്രതിരോധിക്കും.  ഇതിൽ അപകട/ അപായ സാധ്യതകൾ കൂടുതലാണ്.  

Follow Us:
Download App:
  • android
  • ios