കോഴിക്കോട്: കിഫ്ബി സിഎജി റിപ്പോർട്ടിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ നീക്കമാണ് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റെന്ന് എം കെ മുനീർ എം എൽഎ ആരോപിച്ചു. രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റിനു പിന്നിലുള്ളത്. വിജിലൻസിനെ ഉപയോഗിച്ചുള്ള സർക്കാരിന്റെ വേട്ടയാടലാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാലാരിവട്ടം പാലം പൂർത്തിയാക്കിയത് എൽ ഡി എഫ് സർക്കാരാണ് .അതിനുള്ള അറസ്റ്റ് ഉണ്ടാകുമോ? 12 പേരെ അകത്താക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറയുന്നു.  അതിന് ശേഷം തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നു.  കേരള പൊലീസിനെ ദുരൂപയോഗപ്പെടുത്തുകയാണ്. മുസ്ലീം ലീഗിലെ എംഎൽഎമാരെ ജയിലിലടയ്ക്കാനാണ് നീക്കം നടത്തുന്നത്.

പാലം പണിയുടെ കരാറുകാരനെ സർക്കാർ സംരക്ഷിക്കുകയാണ്. 100 കോടിയുടെ പാലം പണിയാൻ കഴിയാത്ത കരാറുകമ്പനിക്ക് 1000 കോടിയുടെ കരാറു ജോലി നൽകുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുനീർ ആരോപിച്ചു.