മുഖ്യമന്ത്രി പദവി ചർച്ചയ്ക്കെതിരെ ആഞ്ഞടിച്ച് എംകെ രാഘവൻ എംപി. തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും ഇത് ഗുണകരമല്ലെന്നും എംകെ രാഘവൻ
ദില്ലി: കേരളത്തിലെ കോൺഗ്രസിൽ ഉയർന്നുവന്ന മുഖ്യമന്ത്രി പദവി ചർച്ചയ്ക്കെതിരെ ആഞ്ഞടിച്ച് എംകെ രാഘവൻ എംപി. തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും ഇത് ഗുണകരമല്ലെന്നും എംകെ രാഘവൻ പറഞ്ഞു. ദോഷകരമായ സാഹചര്യം ആണിത്. തന്നോട് തോൽക്കുന്ന സീറ്റ് എടുത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഏതു നേതാവാണെന്നുള്ളത് ഇപ്പോൾ പറയുന്നില്ലെന്നും എംകെ രാഘവൻ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ചർച്ച അതിരുവിട്ട സാഹചര്യത്തിലാണ് നേതാക്കൾക്കെതിരെ പരസ്യപ്രതികരണവുമായി എംകെ രാഘവൻ രംഗത്തെത്തിയത്.
ചിലർ എംപിമാർ മത്സരിക്കാൻ പാടില്ലെന്ന് വാശി പിടിച്ചു. ചിലരുടെ ദുർവാശിയാണ് ഇതിന് കാരണം. സമയം വരുമ്പോൾ പലതും പറയാനുണ്ട്. ഡിസിസി പ്രസിഡൻറ് ഷിയാസ് ആണ് ഇത് ആദ്യം പറഞ്ഞത്. ആ പ്രസ്താവനയാണ് എല്ലാ പ്രശ്നവും തുടങ്ങിയത്. അവിടെ നിന്നാണ് വ്യാപകമായ ചർച്ചയായത്. വിഡി സതീശൻ പിന്നിലുണ്ടെന്ന് കരുതുന്നില്ല. അസമിൽ ഗൗരവ് ഗോഗോയി മത്സരിച്ചു. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനം ഹൈക്കമാൻഡിൻ്റെ തലയിൽ വെക്കണ്ട. എന്ത് അടിസ്ഥാനത്തിലാണ് എംപിമാരുടെ കാര്യത്തിൽ തീരുമാനമെടുത്തത് ഹൈക്കമാൻഡാണെന്ന് പറയുന്നത്. ഹൈക്കമാൻഡിൻ്റെ തലയിൽ ഇടണ്ട. തർക്കം ഒഴിവാക്കാനാണ് ഹൈക്കമാൻഡ് സമ്മതിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ എന്ത് നടന്നു എന്ന് എല്ലാവർക്കും അറിയാം. അധികാരത്തിലെത്തിയാൽ എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണമെന്നും ഘടകകക്ഷികൾക്ക് ഈ ചർച്ചയിൽ കടുത്ത അതൃപ്തിയുണ്ടെന്നും എംകെ രാഘവൻ പറഞ്ഞു.
അതേസമയം, കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന് സൂചന. യുഡിഎഫ് ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരാകുന്നുവെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. നേതാക്കൾ തന്നെയാണ് മുഖ്യമന്ത്രി വിവാദത്തിന് വഴി വെച്ചതെന്നും മുസ്ലിം ലീഗ് വിലയിരുത്തുന്നു. കോൺഗ്രസ് നേതാക്കൾ പരസ്യ പ്രതികരണം തുടർന്നാൽ ഹൈക്കമാന്റ് ഇടപെടൽ ആവശ്യപ്പെടാനും നീക്കമുണ്ട്. അതേസമയം, മുഖ്യമന്ത്രി പദവിയിലേക്ക് ആരുടെയും പക്ഷം പിടിക്കില്ലെന്ന നിലപാടിലാണ് ലീഗ്. കോൺഗ്രസ് ചോദിക്കുമ്പോൾ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്നുമാണ് ലീഗിലെ ധാരണ.
അതേസമയം, യുഡിഎഫ് ക്യാമ്പിൽ തുടങ്ങിയ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും വടംവലികളും നിരീക്ഷിക്കുകയാണ് ഹൈക്കമാൻഡ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഫോണിൽ സംസാരിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വിവരം തേടുകയും ചെയ്തു. നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചരടുവലികൾ തുടങ്ങിയതോടെ ഹൈക്കമാൻഡ് അതീവ ജാഗ്രതയിലാണ്.
മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് സജീവമായി ഉയർന്നു കേൾക്കുന്നത്. വോട്ടെണ്ണലിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ നേതാക്കളുടെ അനുയായികൾ തമ്മിലുള്ള 'പോസ്റ്റർ, കമന്റ് യുദ്ധം' പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നാണ് ചില മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പരസ്യ പ്രതികരണം പാടില്ലെന്ന് എഐസിസി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ചും ചില നേതാക്കൾ ചർച്ചകൾ ആരംഭിച്ചതായാണ് സൂചന. എന്നാൽ ഹൈക്കമാൻഡ് തീരുമാനത്തിന് വിരുദ്ധമായി ആരും നീങ്ങരുതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. മെയ് 4-ന് ഫലം പുറത്തുവന്ന ശേഷം ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിലെത്തി എംഎൽഎമാരുടെ അഭിപ്രായം തേടും. അതിനുശേഷം മാത്രമേ അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.



