ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നായിരുന്നു പിണറായിയുടെ ആശംസ.
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന് (Kerala CM Pinarayi Vijayan) മലയാളത്തില്‍ നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ (Tamilnadu CM MK Stalin). പിണറായി വിജയന്‍ സ്റ്റാലിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് തമിഴില്‍ ട്വീറ്റ് ചെയ്തിരുന്നു. അതിന് മറുപടിയായിട്ടാണ് മലയാളത്തില്‍ നന്ദി സഖാവെ എന്ന് സ്റ്റാലിനും മറുപടി പറഞ്ഞത്. സ്റ്റാലിനെ നേരില്‍ക്കണ്ടാണ് പിണറായി ആശംസ അറിയിച്ചത്. പിന്നീട് ട്വിറ്ററിലും ഫേസ്ബുക്കിലും ആശംസയും നേര്‍ന്നു. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നായിരുന്നു പിണറായിയുടെ ആശംസ.
ചെന്നൈയില്‍ എംകെ സ്റ്റാലിന്റെ പുസ്തക പ്രകാശന ചടങ്ങിലും പിണറായി പങ്കെടുത്തിരുന്നു. ചടങ്ങില്‍ ഇന്ത്യയുടെ വിഭിന്ന സംസ്‌കാരങ്ങളും ഭാഷാന്യൂനപക്ഷങ്ങളും ഭീഷണി നേരിടുന്നുവെന്ന് പിണറായി പറഞ്ഞു. മലയാളികളും തമിഴരും ഒരേ മണ്ണിന്റെ മക്കളാണ്. ആ ബന്ധം കൂടുതല്‍ ശക്തമാക്കണം. ഈ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണം. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയില്‍ ശക്തി പ്രാപിക്കുകയാണ്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യം നിലനിര്‍ത്തണം. അതിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട നേരമാണിതെന്നും പിണറായി പറഞ്ഞു.
പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തായിരുന്നു സ്റ്റാലിന്റെ പ്രസംഗം. ഇന്ത്യയുടെ മുന്നണിരാഷ്ട്രീയ സാഹചര്യം മാറിമറിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മതേതര ജനാധിപത്യ പാര്‍ട്ടികളും കൈകോര്‍ക്കണം. എല്ലാവര്‍ക്കും എല്ലാം എന്ന ദ്രാവിഡ രാഷ്ട്രീയ മുദ്രാവാക്യം നടപ്പാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഐക്യശബ്ദം ഉയര്‍ത്തിയായിരുന്നു ചെന്നൈയിലെ സ്റ്റാലിന്റെ പുസ്തകപ്രകാശന ചടങ്ങ് നടന്നത്. കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രിയും സിപിഎം പിബി അംഗവുമായ പിണറായി വിജയന്‍, തേജസ്വി യാദവ്, ഒമര്‍ അബ്ദുള്ള തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
