തൃശ്ശൂര്‍: കൗണ്‍സിലിൻ്റെ സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും തൃശ്ശൂര്‍ കോര്‍പ്പറേഷൻ ആരാണ് ഭരിക്കുകയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഏതു മുന്നണിക്കാണ് തൻ്റെ പിന്തുണയെന്ന വിമത കൗണ്‍സിലര്‍ എം.കെ.വര്‍ഗ്ഗീസ് ഇതുവരെ പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല. പിന്തുണ ഉറപ്പാക്കാൻ സിപിഎം നേതാക്കൾ പലതവണ വര്‍ഗ്ഗീസുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ല.  

പിന്തുണ നൽകണമെങ്കിൽ തനിക്ക് മേയര്‍ സ്ഥാനം വേണമെന്നാണ് വര്‍ഗ്ഗീസിൻ്റെ ആവശ്യം. അഞ്ച് വര്‍ഷത്തേക്ക് മേയര്‍ സ്ഥാനം വിട്ടു നൽകാനാവില്ലെന്ന് സിപിഎം വ്യക്തമാക്കിയതോടെ രണ്ട് വര്‍ഷത്തേക്ക്  മേയറാക്കിയാൽ മതിയെന്നും അദ്ദേഹം സിപിഎം നേതൃത്വത്തെ അറിയിച്ചു. 

ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിൻ്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തീരുമാനം പറയാം എന്നാണ് സിപിഎം നേതൃത്വം വര്‍ഗ്ഗീസിനെ അറിയിച്ചിട്ടുള്ളത്. സിപിഎം മുന്നോട്ടുവെച്ച എല്ലാ വ്യവസ്ഥകളും അംഗീകരിക്കാൻ വര്‍ഗ്ഗീസ് തയ്യാറാണോയെന്നും വ്യക്തമല്ല. എൽഡിഎഫിനൊപ്പം തന്നെ യുഡിഎഫ് നേതൃത്വവും എം.കെ.വര്‍ഗ്ഗീസുമായി സജീവമായി ചര്‍ച്ചകൾ നടത്തുന്നുണ്ട്.