തിരുവോണത്തിന്  മണ്ഡലത്തിലെ എല്ലാവീട്ടിലും പച്ചക്കറി വാങ്ങാതെ സൗജന്യമായി നൽകാനുള്ള വേറിട്ട ചലഞ്ചുമായാണ് എംഎല്‍എ. കൃഷി ചെയ്ത ഉല്‍പന്നങ്ങള്‍ ഓര്‍ഗാനിക് ബസാര്‍ വാങ്ങുമെന്നും അനില്‍ അക്കരെ

വടക്കാഞ്ചേരി: ക്വാറന്‍റൈന്‍ ചലഞ്ചുമായി അനില്‍ അക്കര. തിരുവോണത്തിന് മണ്ഡലത്തിലെ എല്ലാവീട്ടിലും പച്ചക്കറി വാങ്ങാതെ സൗജന്യമായി നൽകാനുള്ള വേറിട്ട ചലഞ്ചുമായാണ് എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ്. സ്വന്തമായി കൃഷി ചെയ്ത് വിളവെടുത്ത് മണ്ഡലത്തിലെത്തിക്കാനാണ് നീക്കം. കൃഷിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന 9 പേര്‍ക്ക് പശുക്കുട്ടിയെ സമ്മാനം നല്‍കുമെന്നും അനില്‍ അക്കരെ വ്യക്തമാക്കുന്നു. 

പതിനഞ്ച് പേരുള്ള കര്‍ഷക സംഘത്തിന് ആവശ്യമായ നടീൽ വസ്തുക്കൾ വിത്തായാലും വളമായാലും, ജൈവ കീട നിയന്ത്രണ ഉപാധികളും സൗജന്യമായി നമ്മുടെ വടക്കാഞ്ചേരി പദ്ധതി പ്രകാരം നൽകുമെന്നുമാണ് പ്രഖ്യാപനം. കൃഷി ചെയ്ത ഉല്‍പന്നങ്ങള്‍ ഓര്‍ഗാനിക് ബസാര്‍ വാങ്ങുമെന്നും അനില്‍ അക്കരെ വിശദമാക്കുന്നു. താല്പര്യമുള്ളവർക്ക് രാഷ്ട്രീയത്തിനതീതമായിപങ്കുചേരാമെന്നും അനില്‍ അക്കരെ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് പ്രഖ്യാപനം. 

വാളയാര്‍ ചെക്ക് പോസ്റ്റ് സന്ദർശിച്ച ശേഷം താൻ‍ സ്വയം ക്വാറന്‍റൈനിലാണെന്ന് അനില്‍ അക്കര എംഎൽഎ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഫീസ് മുറിയിലാണെന്നും എല്ലാ ജീവനക്കാരെയും മാറ്റി കൊണ്ട് താൻ സ്വയം ക്വാറന്‍റൈനിലാണെന്ന് അനില്‍ അക്കര കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയത്.

അനില്‍ അക്കരെയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


#ഒരുക്വാറന്റെയിൻചലഞ്ച്
No:1
ഈ പതിനാല് ദിവസം വെറുതെ കളയാനുള്ളതല്ല വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ 135യുവതീ യുവാക്കളെ ക്ഷണിക്കുന്നു, നമുക്ക് ഈ തിരുവോണത്തിന് മണ്ഡലത്തിലെ എല്ലാവീട്ടിലുംപച്ചക്കറി സൗജന്യമായി നൽകണം, വാങ്ങിയില്ല സ്വന്തമായി കൃഷി ചെയ്ത് വിളവെടുത്ത്, ഇതിൽ മികച്ച 9കർഷർക്ക് എന്റെ കയ്യിലുള്ള നാടൻ പശുകുട്ടികളിൽനിന്ന് ഓരോരുത്തർക്കും ഓരോ പശുക്കുട്ടിയെ വെച്ച് സമ്മാനമായി നൽകും.

ചെയ്യേണ്ടത് ഇത്ര മാത്രം, നമുക്ക് ഏഴ് പഞ്ചായത്താണുള്ളത് ഒരു മുനിസിപ്പാലിറ്റിയും മുനിസിപ്പാലിറ്റിയിൽ മുണ്ടത്തിക്കോട്, വടക്കാഞ്ചേരി മേഖലകളും, അങ്ങനെ ആകെ ഒൻപത് മേഖലകളിലായി 135കുറയാത്ത കൃഷിചെയ്യാൻ താല്പര്യമുള്ളവർ പേർ, ഒൻപതു മേഘലകളിൽ 15പേരുടെ ഒരു കർഷക സംഘം, ഇവർക്കാശ്യമായ നടീൽ വസ്തുക്കൾ വിത്തായാലും വളമായാലും, ജൈവ കീട നിയന്ത്രണ ഉപാധികളും സൗജന്യമായി നമ്മുടെ വടക്കാഞ്ചേരി പദ്ധതി പ്രകാരം നൽകും അങ്ങനെ കൃഷി ചെയ്യുന്ന ഉൽപ്പന്നങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ മലയാളം ഓർഗാനിക് ബസാർ നിങ്ങളിൽനിന്ന് വിലനൽകി വാങ്ങും പക്ഷെ ഉത്രാത്തിന്റ തലേദിവസത്തെ പച്ചക്കറി നിങ്ങൾ സൗജന്യമായി നിങ്ങളുടെ മേഖലകളിലെ വീട്ടിൽ നൽകണം.

ഈ ക്വാറന്റെയിൻ ചലഞ്ചിൽ ഇതൊരു വാശിയായെടുക്കാൻ താല്പര്യമുള്ളവർക്ക് രാഷ്ട്രീയത്തിനതീതമായി പങ്കുചേരാം. യുവ കർഷകൻ നാസർ മങ്കരയാണ് ഈ ചലഞ്ചിന്റെ കോർഡിനേറ്റർ, പദ്ധതിയുടെ ഉൽഘാടനം മെയ്‌ 28ന് എന്റെ വീട്ടിൽ tn പ്രതാപൻ, രമ്യ ഹരിദാസ് എന്നിവർ ചേർന്ന് നിർവ്വഹിക്കും.
നന്ദി ആശയം വിനോദ് ജോൺ