കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണനും കുടുംബവും ക്വാറന്‍റീനില്‍ പ്രവേശിച്ചു. ഇദ്ദേഹത്തിന്‍റെ ഇളയ മകന്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെയാണ് എംഎല്‍എയും കുടുംബവും ക്വറന്‍റീനില്‍ പോയത്. അതേസമയം കണ്ണൂർ ശ്രീകണ്ഠാപുരം നഗരസഭയിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരസഭ ഓഫീസ് അടച്ചു. 

ഇദ്ദേഹം ഇന്നും നഗരസഭ ഓഫീസിൽ ജോലിക്ക് എത്തിയിരുന്നു. നഗരസഭ ചെയർമാൻ ഉൾപ്പടെ ഏഴുപതോളം പേർ നിരീക്ഷണത്തിൽ പോയി. ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ വീട്ടിൽ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ബന്ധുക്കളെയും , സുഹൃത്തുക്കളെയും വിളിച്ച് കൂട്ടിയാണ് യുവാവ് പിറന്നാൾ ആഘോഷിച്ചത്. ഇയാൾ ക്വറന്‍റീന്‍ ലംഘിച്ച് നിരവധി തവണ ഇരിട്ടി ടൗണിൽ എത്തിയതായും കണ്ടെത്തി.