തിരുവനന്തപുരം: പ്രളയ പുനർനിർമ്മാണത്തിന് പണമില്ലാതെ സംസ്ഥാന സർക്കാർ പ്രയാസപ്പെടുമ്പോൾ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് വരുന്നു. ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ ചീഫ് വിപ്പാകും. ബന്ധുനിയമനകേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ ഇപി ജയരാജൻ മന്ത്രിസഭയിലേക്ക് മടങ്ങുമ്പോൾ സിപിഐക്ക് സിപിഎം വാഗ്‍ദാനം ചെയ്തതായിരുന്നു ചീഫ് വിപ്പ് . 

സിപിഎമ്മിന് ഒരു മന്ത്രികൂടി അധികം ലഭിക്കുമ്പോൾ 19 എംഎൽഎമാരുള്ള പാർട്ടിക്കും ഒരു മന്ത്രിവേണമെന്ന് പറഞ്ഞായിരുന്നു സിപിഐ ഉടക്കിട്ടത്. ഒടുവിൽ കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് പദവിയിൽ സിപിഐ വഴങ്ങി. എന്നാൽ പ്രളയക്കെടുതിക്കിടെ അമിതചെലവുണ്ടാക്കി പുതിയ സ്ഥാനം ഏറ്റെടുക്കുന്നതിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഭിന്നാഭിപ്രായം ഉയർന്നു. അന്ന് മാറ്റിവെച്ച പദവിയാണ് ഇപ്പോൾ ഏറ്റെടുക്കുന്നത്. 

സി ദിവാകരൻ, സിഎൻ ചന്ദ്രൻ, മന്ത്രി ഇ ചന്ദ്രശേഖരൻ, മുല്ലക്കര രത്നാകരൻ അടക്കം ഒരു വിഭാഗം നേതാക്കൾ പദവി ഇപ്പോൾ ഏറ്റെടുക്കുന്നത് പാർട്ടിയുടെ യശസ്സിന് കോട്ടം ഉണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ പാർട്ടിക്ക് അർഹതപ്പെട്ട പദവി ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്ന അഭിപ്രായമായിരുന്നു കാനമടമക്കം മറ്റൊരുവിഭാഗം ഉന്നയിച്ചത്. യുഡിഎഫ് സർക്കാർ കാലത്ത് കേരള കോൺഗ്രസ്സിലെ തർക്കം തീർക്കാൻ പിസി ജോർജ്ജിനെ ചീഫ് വിപ്പാക്കിയപ്പോൾ ഉന്നയിച്ച വിമർശനങ്ങളെല്ലാം എൽഡിഎഫ് മറന്നു.