ആരോഗ്യവകുപ്പിലെ വീഴ്ചകളെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ നിയമസഭയിൽ എംഎൽഎമാരുടെ സാന്നിധ്യം കുറഞ്ഞതിൽ സ്പീക്കർ എഎൻ ഷംസീർ അതൃപ്തി രേഖപ്പെടുത്തി. 

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വീഴ്ചകളിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കുന്ന സമയത്ത് എംഎൽഎമാർ സീറ്റിൽ ഇല്ലാത്തതിൽ സ്പീക്കർ എഎൻ ഷംസീറിന്റെ വിമർശനം. സഭ ടെസ്റ്റ്‌ ക്രിക്കറ്റ് മത്സരം കാണുന്നത് പോലെയുണ്ടെന്ന് വിമർശിച്ച് സ്പീക്കർ, പാർലമെന്ററി പാർട്ടി നേതാക്കൾ അംഗങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. സഭയിൽ ഭരണ പ്രതിപക്ഷ ബഞ്ചുകളിൽ ആളില്ല. 20-20 മാച്ചിനെ ആളു കാണുകയുള്ളോയെന്നും സ്പീക്കർ ചോദിച്ചു.

ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന്മേലാണ് നിയമസഭയിൽ ചര്‍ച്ച നടക്കുന്നത്. സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവ് എണ്ണിപറഞ്ഞ് പിസി വിഷ്ണുനാഥ് ആണ് ചര്‍ച്ച ആരംഭിച്ചത്. ഏതെങ്കിലും രീതിയിലുള്ള വിഷയം നടന്നാൽ, റിപ്പോർട്ട് തേടലല്ലാതെ ഒരു നടപടിയും ആരോഗ്യ വകുപ്പിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

എന്നാൽ, പ്രതിപക്ഷത്തിന്‍റേത് ബാലിശമായ വാദങ്ങളാണെന്നാണ് സര്‍ക്കാര്‍ വാദം. യുഡിഎഫ് കാലത്തെ നിലയിലാണോ ഇപ്പോള്‍ ഇവിടത്തെ ആരോഗ്യമേഖലയെന്ന് ഭരണപക്ഷ എംഎൽഎ ഡികെ മുരളി ചോദിച്ചു. സംസ്ഥാനത്തെ ആരോഗ്യ മേഖല തകർന്ന് തരിപ്പണമായെന്ന് ചിത്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടി.