കുറ്റ്യാടി: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുമ്പോള്‍ വെള്ളത്തില്‍ മുങ്ങിയ കുറ്റ്യാടിയില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ച് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ളയാണ് സഹായം ആവശ്യപ്പെട്ടുള്ള കുറിപ്പ് പങ്കുവെച്ചത്. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ഭീതിയിലാണ്. കുറ്റ്യാടി പുഴയില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ലഭിച്ചുവെന്നും മഴ ശക്തമാകുന്തോറും അപകട സാധ്യത കൂടുമെന്നും എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

ഞങ്ങളെ രക്ഷിക്കൂ , ആവശ്യത്തിന് രക്ഷാ പ്രവർത്തക സംവിധാനങ്ങൾ ഇതുവരെ കുറ്റ്യാടിയിൽ എത്തിയിട്ടില്ല. പേരാമ്പ്രയ്ക്ക് അപ്പുറം ഫയർ ഫോഴ്സ് സംവിധാനത്തിന് എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയാണ്. രണ്ട് മരണങ്ങൾ സംഭവിച്ചു കഴിഞ്ഞു. നാട്ടുകാരാണ് നിലവിൽ രക്ഷാ പ്രവർത്തനം നടത്തുന്നത്. സൈന്യത്തെ കൊണ്ടു വന്ന് രക്ഷാ പ്രവർത്തനം നടത്തേണ്ട സ്ഥിതിയിലാണ് കുറ്റ്യാടി, ഇതൊരു കുറ്റപ്പെടുത്തലല്ല, ഞങ്ങളുടെ നാടിന്റെ അവസ്ഥയാണ്. സഹായിക്കണം.